കെജരിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് അമിത്ഷാ

amithshah

ന്യൂഡല്‍ഹി: കെജരിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചന്നി അയച്ച കത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്ത്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് അമിത്ഷാ പറഞ്ഞു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഘടനവാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന് എഎപി ക്ക് പിന്തുണ പ്രഖ്യാപിച്ചതും കുമാര്‍ ബിശ്വാസിന്റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര്യ ഖാലിസ്ഥാന്‍ രാജ്യത്തെ പ്രധാനമന്ത്രിയോ ആകും താന്നെന് കെജരിവാള്‍ പറഞ്ഞെന്നാണ് കുമാര്‍ ബിശ്വാസ് ഇന്നലെ വാര്‍ത്താ എജന്‍സിയോട് പറഞ്ഞത്. കെജരിവാളിനെതിരായ ഖാലിസ്ഥാന്‍ ആരോപണം പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രധാന ആയുധമാക്കി മാറ്റുകയാണ് കോണ്‍ഗ്രസും ബിജെപിയും. ആരോപണമുന്നയിച്ച കുമാര്‍ ബിശ്വാസിന് കേന്ദ്രം സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭീകരവാദിയാണെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യട്ടെന്ന് കെജരിവാള്‍ പ്രതികരിച്ചു.

വിഘടനവാദമാണ് കെജരിവാള്‍ നടത്തുന്നതെന്ന ബിജെപി ആഞ്ഞടിച്ചു. കെജരിവാളിന്റെ മനസ്സിലിരിപ്പ് പുറത്ത് വന്നെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രചാരണങ്ങളില്‍ ഇക്കാര്യം ഉയര്‍ത്തുന്നത് അവസാനലാപ്പില്‍ എഎപിക്ക് തിരിച്ചടിയായതോടെ വിശദീകരണവുമായി കെജരിവാള്‍ രംഗത്തെത്തി. ഭീകരനെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്ന പ്രതികരിച്ച കെജരിവാള്‍, രാഹുല്‍ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്നും പറഞ്ഞു.

 

Top