ബംഗാള്‍ ജനത മമതയ്ക്ക് മാപ്പ് നല്‍കില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കഴിഞ്ഞ 10 വര്‍ഷക്കാലമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി സംസ്ഥാനത്തോട് കാണിച്ച അനീതിക്ക് ബംഗാള്‍ ജനത മാപ്പ് നല്‍കില്ലെന്ന് അമിത് ഷാ. ഹൗറയില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ വീഡിയോ കോണ്‍ഫറസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.

ബംഗാളില്‍ നിലവിലെ അവസ്ഥ മുന്‍പ് ഇടതുപാര്‍ട്ടികള്‍ ഭരിച്ചതിനേക്കാള്‍ കഷ്ടമാണ്. സംസ്ഥാനത്തെ ജനങ്ങളോട് മമത അനീതി കാണിച്ചു. മാറ്റമുണ്ടാക്കുമെന്നാണ് മമത ഉറപ്പ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കൂ, എന്താണ് അവിടെ നടന്നത്. അതീവപ്രാധാന്യം നല്‍കേണ്ട ഘടകങ്ങള്‍ ചിത്രത്തില്‍ നിന്നുതന്നെ മറഞ്ഞുപോയി. ഇതിന് ബംഗാള്‍ ഒരിക്കലും മമതയോട് ക്ഷമിക്കില്ല.

തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നു. ഇങ്ങനെ പോയാല്‍ തിരഞ്ഞെടുപ്പ് ആവുന്നതോടെ മമത പാര്‍ട്ടിയില്‍ ഒറ്റയ്ക്കാവുമെന്ന് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ബന്ധുക്കളെ സേവിക്കുക എന്നതാണ് മമതയുടെ ലക്ഷ്യമെന്നും ഷാ പരിഹസിച്ചു.

ജയ് ശ്രീറാമിനെ അപമാനിക്കുന്ന മമതയുടെ പാര്‍ട്ടിക്ക് ഒരിക്കലും സ്വന്തം പാര്‍ട്ടി അംഗങ്ങളെ നിലനിര്‍ത്താനാനാവില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ജയ് ശ്രീറാം മുദ്രാവാക്യത്തെ നിങ്ങള്‍ ഉപേക്ഷിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാമക്ഷേത്രം നിര്‍മിക്കുന്നു, രാമരാജ്യം ബംഗാളിന്റെ വാതില്‍ക്കലെത്തിയിരിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

 

 

Top