അമിത് ഷായുടെ അടുത്ത് സഹമന്ത്രിയുടെയും ‘കളി’ നടക്കില്ല, താക്കീത് !

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ദിവസം തന്നെ സഹമന്ത്രിയെ താക്കീത് ചെയ്ത് അമിത് ഷാ. ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിയെയാണ് അമിത് ഷാ താക്കീത് ചെയ്തത്. ഭീകരരുടെ സുരക്ഷിത താവളമാണ് ഹൈദരാബാദ് എന്ന പരാമര്‍ശത്തിനാണ് താക്കീത്.

ശനിയാഴ്ച രാവിലെയാണ് ഹൈദരാബാദില്‍ വലിയ തോതില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന പരാംമര്‍ശം കിഷന്‍ റെഡ്ഡി നടത്തിയത്. ”ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഭോപ്പാലിലോ ബംഗളൂരുവിലോ ഒരു ഭീകരാക്രമണം അരങ്ങേറിയാല്‍ അതിന്റെ അന്വേഷണം ചെന്നെത്തുക ഹൈദരാബാദിലാണ്. സംസ്ഥാന പൊലീസും കേന്ദ്ര അന്വേഷണ ഏജന്‍സിയും രണ്ടും മൂന്നും മാസങ്ങള്‍ കൂടുമ്പോള്‍ ഇവിടെനിന്നു നിരവധി ഭീകരരെയാണ് അറസ്റ്റു ചെയ്യുന്നത്”- എന്നാണ് കിഷന്‍ റെഡ്ഡി പറഞ്ഞത്.

പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയ ഹൈദരാബാദ് ലോക്‌സഭാ എംപി അസദുദ്ദീന്‍ ഉവൈസി, അഞ്ചു വര്‍ഷത്തിനിടയില്‍ ഏത് അന്വേഷണ ഏജന്‍സിയാണ് ഹൈദരാബാദ് ഭീകരവാദത്തിനു സുരക്ഷിത ഇടമാണെന്നു പറഞ്ഞിട്ടുള്ളതെന്ന് ചോദിച്ചു. ഇത്തരത്തിലുള്ള പരാമര്‍ശം തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Top