ഊരാളുങ്കല്‍ സൊസൈറ്റിയും കോഴിക്കോട് ആശുപത്രിയും മാതൃക; പ്രശംസയുമായി അമിത് ഷാ

ന്യൂഡല്‍ഹി: സഹകരണ മേഖലയിലെ മാതൃകകളാണ് കേരളത്തിലെ ഊരാളുങ്കല്‍ സൊസൈറ്റിയും കോഴിക്കോട് സഹകരണ ആശുപത്രിയുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളെ സഹായിക്കുകയാണ് സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും, സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയമം കൊണ്ടുവന്ന് നിയന്ത്രിക്കും. പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്കായി ദേശീയനയം കൊണ്ടുവരുമെന്നും ദേശീയ സഹകരണ കോണ്‍ഗ്രസില്‍ അമിത് ഷാ വ്യക്തമാക്കി.

രാജ്യത്തെ പ്രഥമ സഹകരണ മന്ത്രാലയത്തിന്റെ മന്ത്രിയായി തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി അറിയിക്കുന്നു. രാജ്യത്തെ 91% ശതമാനം ഗ്രാമങ്ങളിലും ചെറുതും വലുതുമായ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമീണമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക, പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് രൂപീകരിക്കുക, മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ (എംഎസ്സിഎസ്) വികസനം സാധ്യമാക്കുന്നതിനുള്ള പ്രക്രിയകള്‍ കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമാക്കി ഈ വര്‍ഷം ജൂലൈയിലാണ് പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചത്. സഹകരണ മന്ത്രിയായി അമിത് ഷാ ചുമതലയേറ്റ ശേഷമുള്ള ആദ്യ ദേശീയ സഹകരണ സമ്മേളനമാണിത്.

Top