പിണറായിയില്‍ കൊല്ലപ്പെട്ട രെമിത്തിന്റെ വീട് സന്ദര്‍ശിച്ച് അമിത് ഷാ

കണ്ണൂര്‍ : പിണറായിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രെമിത്തിന്റെ വീട്ടില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിച്ചു. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനത്തിനായെത്തിയതായിരുന്നു അമിത് ഷാ.

ശക്തമായ സുരക്ഷയാണ് അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കണ്ണൂരില്‍ സേന ഒരുക്കുന്നത്. ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍, ഡിവൈഎസ്പിമാരായ സികെ വിശ്വനാഥന്‍, പിപി സദാനന്ദന്‍, സിഐഎ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്ഘാടനവേദിയായ താളിക്കാവിലെത്തി സുരക്ഷ വിലയിരുത്തി. സിആര്‍പിഎഫ്, ക്യൂആര്‍ടി തുടങ്ങിയ സേനാവിഭാഗങ്ങളും സുരക്ഷയ്ക്കുണ്ട്.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ രംഗത്തെത്തി. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. സ്ത്രീപുരുഷ സമത്വം ക്ഷേത്ര ആചാരങ്ങള്‍ ലംഘിച്ച് കൊണ്ടല്ല സാധ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു മൗലികാവകാശം ഉറപ്പാക്കാന്‍ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിയും? ഈ വിധി അംഗീകരിക്കാന്‍ കഴിയില്ല. കോടതികള്‍ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ അയ്യപ്പ ഭക്തര്‍ക്കൊപ്പം നില്‍ക്കും. സര്‍ക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ല. കേരളത്തില്‍ അടിയന്തരാവസ്ഥയെക്കാള്‍ മോശമായ അവസ്ഥയാണ് ഇന്നുള്ളത്. ആയിരക്കണക്കിന് പേരെ ജയിലിലടച്ചത് എന്തിന് വേണ്ടിയായിരുന്നു? അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ഇടതുസര്‍ക്കാര്‍ അയ്യപ്പന്റെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തി ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം നടത്തുകയാണ്. ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. കേരളത്തിന്റെ വികസനം നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാരിലൂടെ മാത്രമേ സാധ്യമാകൂ എന്നും ഷാ വ്യക്തമാക്കി.

സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഇടത് സര്‍ക്കാര്‍ ഭക്തരെ അടിച്ചമര്‍ത്തുകയാണ്. ഇത് തീക്കളിയാണെന്ന് പിണറായി വിജയന്‍ തിരിച്ചറിയണം. മുസ്ലിംപള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്നതുള്‍പ്പടെയുള്ള വിധികള്‍ ഈ നാട്ടിലെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഇതൊന്നും നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തുകൊണ്ട് ശബരിമല വിധി നടപ്പാക്കാന്‍ ആവേശം കാണിയ്ക്കുന്നുവെന്നും അമിത് ഷാ ചോദിച്ചു. വിഷയത്തില്‍ ഈ മാസം 30 മുതല്‍ ശക്തമായ സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ശരണം വിളികളോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Top