കേന്ദ്രത്തിന്‌ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം, എന്നാല്‍ പ്രതിപക്ഷം എന്താണ് ചെയ്തത് ? ഷാ

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിലോ,കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിലോ സര്‍ക്കാരിന് പാളിച്ച സംഭവിച്ചിട്ടുണ്ടാകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

എന്നാല്‍, പ്രതിപക്ഷം എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ഒഡീഷയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ ഭാഗത്ത് വീഴ്ചകള്‍ സംഭവിച്ചിരിക്കാം.പക്ഷേ ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമായിരുന്നു. ഞങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കാം, ചിലപ്പോള്‍ ചെയ്തത് കുറഞ്ഞുപോയിരിക്കാം. ഞങ്ങള്‍ക്ക് ചിലത് ചെയ്യാന്‍ കഴിഞ്ഞിട്ടുമുണ്ടാകില്ല. എന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്തത്?’- അമിത് ഷാ പ്രതിപക്ഷത്തോട് ചോദിച്ചു.

കോവിഡ് പ്രതിസന്ധി ഉണ്ടായപ്പോള്‍ 60 കോടി ജനങ്ങള്‍ക്ക് 1,70,000 കോടിയുടെ പാക്കേജാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഭിമുഖങ്ങള്‍ നല്‍കുകയല്ലാതെ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല എന്നും അമിത് ഷാ ആഞ്ഞടിച്ചു.

കോവിഡിനെ നേരിടുന്നതില്‍ രാജ്യത്തെ ഓരോ സംസ്ഥാന സര്‍ക്കാരുകളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ചു. അഞ്ച് തവണ വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തി. എല്ലാവരുടെയും മനസ്സിലുള്ളത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിച്ചു. പക്ഷപാതത്തിന് മുകളിലായി ഒരു സംയുക്ത പോരാട്ടം ബിജെപി നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്ഡൗണില്‍ കുടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടാകാം. ഞങ്ങള്‍ക്ക് അതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്താമാക്കി.

Top