മധ്യപ്രദേശ് ഗവര്‍ണര്‍ക്ക്, അമിത് ഷായുടെ പേരില്‍ വ്യാജ കോള്‍; വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരില്‍ മധ്യപ്രദേശ് ഗവര്‍ണറെ ഫോണ്‍ ചെയ്തതാണ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി. തന്റെ സുഹൃത്തിനെ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കണമെന്നായിരുന്നു ഇയാള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്.

വ്യോമസേന വിങ് കമാന്‍ഡര്‍ കുല്‍ദീപ് സിങ് വാഘേലയാണ് മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടനെ ഫോണ്‍ ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തേയും സുഹൃത്തും ഭോപ്പാലില്‍ ദന്ത ഡോക്ടറുമായ ചന്ദ്രേഷ് കുമാര്‍ ശുക്ലയെയും പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തു.

കുല്‍ദീപ്, ചന്ദ്രേഷ് കുമാറിനെ ജബല്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വകലാശാല(എം.പി.എം.എസ്.യു)യുടെ വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അമിത് ഷായുടെ പേഴ്സണല്‍ അസിസ്റ്റന്റെന്ന വ്യാജേന ചന്ദ്രേഷും ഗവര്‍ണറോട് സംസാരിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ വ്യോമസേന ഹെഡ് ക്വാട്ടേഴ്സിലാണ് കുല്‍ദീപ് ജോലി ചെയ്യുന്നത്. നേരത്തെ, രാം നരേഷ് യാദവ് മധ്യപ്രദേശ് ഗവര്‍ണറായിരുന്ന സമയത്ത് മൂന്നു വര്‍ഷത്തോളം കുല്‍ദീപ് അദ്ദേഹത്തിനൊപ്പം എ.ഡി.സിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു.

Top