അമിത് ഷാ നിതീഷ് കൂടിക്കാഴ്ച ; ജെ.ഡിയുമായുള്ള സഖ്യം തുടരുമെന്ന് ദേശീയ അധ്യക്ഷന്‍

amith-shah

പാട്‌ന: ബീഹാറില്‍ ജെ.ഡി.യുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബി ജെ പി – ജെ ഡി യു സഖ്യം തുടരുമെന്ന കാര്യം അമിത് ഷാ അറിയിച്ചത്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചും നിതീഷുമായി ചര്‍ച്ച നടത്തിയെന്ന് ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിലപാടറിഞ്ഞ ശേഷം തീരുമാനമെന്നാണ് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ വ്യക്തമാക്കിയത്.

ബിജെപിയുമായുള്ള സഖ്യത്തില്‍ ഭിന്നതയില്ലെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞടെുപ്പിലെ സീറ്റ് വിഭജനത്തില്‍ ജെ ഡി യു ഇപ്പോഴും ആശങ്കയിലാണ്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ജെഡിയുവിന് രണ്ടും ബിജെപിക്ക് 22 സീറ്റുകളുമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണത്തെ മത്സരത്തില്‍ 40 സീറ്റുകളില്‍ 17 എണ്ണം വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം.

ബിജെപിയുമായി കഴിഞ്ഞ വര്‍ഷം ജെഡിയു സഖ്യമുണ്ടാക്കിയതിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ ബിഹാറിലെത്തുന്നത്.

Top