അമിത് ഷായ്ക്ക് ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികള്‍ വീടൊഴിഞ്ഞു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ ജനപിന്തുണ നേടാന്‍ ബിജെപി ആരംഭിച്ച ഗൃഹ സമ്പര്‍ക്കത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരേ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ലജ്പത് നഗറിലെ വാടകവീടൊഴിഞ്ഞു. സമീപവാസികളായ ബി.ജെ.പി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ്, മലയാളിയായ സൂര്യ, ഉത്തര്‍പ്രദേശ് സ്വദേശിനി ഹര്‍മിത എന്നിവര്‍ വീടൊഴിഞ്ഞത്.

ഞായറാഴ്ച ഡല്‍ഹി ലജ്പത് നഗറില്‍ ഗൃഹസന്ദര്‍ശന പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി രണ്ടു പെണ്‍കുട്ടികള്‍ അമിത് ഷായ്‌ക്കെതിരേ പ്രതിഷേധിച്ചത്.ഒരു ഫ്‌ളാറ്റ് സമുച്ചയത്തില്‍ പ്രചാരണം നടത്തിയശേഷം അമിത് ഷാ അടുത്തതിലേക്കു നടക്കുന്നതിനിടയിലായിരുന്നു ഇവരുടെ പ്രതിഷേധം. അമിത് ഷാ ഗോബാക്ക് എന്നു തുടര്‍ച്ചയായി മുദ്രാവാക്യം വിളിച്ചായിരുന്നു ഇരുവരുടേയും പ്രതിഷേധം.

അമിത് ഷാ മടങ്ങിയ ശേഷം സമീപവാസികളായ ബി.ജെ.പി. പ്രവര്‍ത്തകര്‍ വീട്ടുടമയെ പ്രതിഷേധമറിയിച്ചു. തുടര്‍ന്ന് വീടൊഴിയാന്‍ ഉടമ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരെ ആക്രമണ സാധ്യത കണക്കിലെടുത്തു ഫ്‌ളാറ്റിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

Top