ജനത്തെ വലച്ച് അമിത് ഷായുടെ ജമ്മുകശ്മീര്‍ സന്ദർശനം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇരു ചക്രവാഹനങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം. സുരക്ഷശക്തമാക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച്ചകാലമായി പ്രദേശത്ത് ഇരു ചക്രവാഹനങ്ങള്‍ വിലക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച മുതലാണ് നിയന്ത്രണം ആരംഭിച്ചത്. ഇതിനകം നൂറിലധികം വാഹനങ്ങള്‍ അനധികൃതമായി പിടിച്ചെടുത്തതായാണ് വിവരം. നിയന്ത്രണം പ്രധാനമായും ബാധിച്ചിരിക്കുന്നത് പ്രാദേശിക കച്ചവടക്കാരേയും ഇ-കൊമേഴ്സ് മാര്‍ക്കറ്റിനേയുമാണെ്. സംഭവത്തെ കുറിച്ച് ശ്രീനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇ കൊമേഴ്സ് സ്റ്റാര്‍ട്ട് അപ് സ്ഥാപനമായ ഫാസ്റ്റ്ബീറ്റില്‍ ഉടം ഷെയ്ക് സമീയുള്ള പറയുന്നത് ഇപ്രകാരമാണ്.

‘ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിതില്‍ നിന്നും കൊവിഡ്-19 പ്രതിസന്ധിയില്‍ നിന്നുമെല്ലാം മുക്തരാവുന്നതേയുള്ളൂ. എന്നാല്‍ ഞങ്ങളുടെ ക്രമസമാധാനം വീണ്ടും വീണ്ടും തകര്‍ക്കുകയാണ്. പൊലീസ് ഏകപക്ഷീയമായി ബൈക്കുകള്‍ പിടിച്ചെടുത്തതോടെ നിലവില്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.’ സമാനമായ സാഹചര്യമാണ് പ്രദേശത്തെ മിക്കകച്ചവടക്കാര്‍ക്കും പങ്കുവെക്കാനുള്ളത്. ലാല്‍ ചൗക്കില്‍ ശനിയാഴ്ച്ച രാവിലെ സ്റ്റാള്‍ തുറക്കാന്‍ എത്തിയ ആഖിദ് അഹമ്മദിന് നേരിടേണ്ടി വന്നത് മറ്റൊരു ദുരനുഭവമാണ്. പക്കലുള്ള രേഖകള്‍ പോലും ചോദിക്കാതെ പൊലീസുകാര്‍ ബൈക്കുകള്‍ പിടിച്ചെടുക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോള്‍ 25 കാരനായ ആഖിദിനെ പൊലീസ് മര്‍ദിച്ചുവെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീനഗര്‍ കേന്ദ്രീകരിച്ചുള്ള മാധ്യമ പ്രവര്‍ത്തകരേയും പൊലീസ് തടയുകയാണ്. ഇരുചക്ര വാഹനം പിടിച്ചെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് വിശദീകരിച്ചതോടെ സെല്‍ഫോണ്‍ പിടിച്ചെടുത്തതായി ഭട്ട് ബുര്‍ഹന്‍ വിശദീകരിച്ചു. അതേസമയം പിടിച്ചെടുത്ത ബൈക്കുകളില്‍ ചിലത് രജിസ്ട്രേഷന്‍ പേപ്പര്‍ പരിശോധിച്ച ശേഷം കസ്റ്റഡിയില്‍ നിന്നും വിട്ടുനല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

എന്നാല്‍ അമിത്ഷായുടെ മൂന്ന് ദിന ജമ്മുകശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ ശേഷം ഒക്ടോബര്‍ 25 ന് ശേഷം ബൈക്കുകള്‍ വിട്ടുനല്‍കാമെന്നാണ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുമ്പോള്‍ പറയുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ ബൈക്കുകള്‍ പിടിച്ചെടുക്കുന്നതിനും ചിലയിടങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണെന്നും ഇതിന് അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധമില്ലെന്നും കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു.

 

Top