കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. . .രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരവെ രാജ്യസഭയില്‍, കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. അനുച്ഛേദം 370 ആണ് റദ്ദാക്കിയിരിക്കുന്നത്. രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു. രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിക്കുകയായിരുന്നു.

കശ്മീര്‍ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചിരിക്കുകയാണ്. ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. ജമ്മു-കശ്മീര്‍ ഇനി മുതല്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷം വന്‍ പ്രതിഷേധത്തിലാണ്.

നിലവില്‍ കശ്മീരിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇതിനിടെ കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്നിരുന്നു. സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ ഇന്ന് കൂടിയതു കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായിരുന്നു.

കശ്മീരിലെ സ്ഥിതി വിശേഷങ്ങള്‍ കണക്കിലെടുത്ത് അമര്‍നാഥ് തീര്‍ഥാടനത്തില്‍ ഏര്‍പ്പെട്ടവരോട് യാത്ര നിര്‍ത്തി വെച്ച് തിരിച്ചു പോകാന്‍ ജമ്മു- കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തിനു വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചത് എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അമര്‍നാഥ് യാത്രയ്‌ക്കെതിരായ ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് രഹസ്യാന്വേഷണവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സംസ്ഥാന അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Top