2018-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി, അമിത് ഷാ ഇന്ന് ബെംഗളൂരുവില്‍

Amit-Shah

ബെംഗളൂരു: 2018-ല്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി സംസ്ഥാന ഘടകത്തെ സജ്ജമാക്കുന്നതിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ബെംഗളൂരുവിലെത്തും.

വിവിധ മേഖലകളില്‍ നിന്നായി 600-ഓളം പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. കന്നഡ സിനിമയിലെ പ്രമുഖ നടന്‍മാരായ ശിവരാജ് കുമാര്‍, പുനീത് രാജകുമാര്‍, ഉപേന്ദ്ര തുടങ്ങിയവരും ഇവരില്‍ ഉള്‍പ്പെടും.

സ്ഥാനാര്‍ഥി നിര്‍ണയത്തിനായി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ മുപ്പതിനായിരത്തോളം വോളന്റിയര്‍മാരെ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

പ്രവര്‍ത്തകരുടെ അഭിപ്രായം സ്വരൂപിക്കാനായി ഡല്‍ഹിയില്‍ നിന്ന് എട്ടംഗസംഘവും എത്തിയിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നേതാക്കളുമായി അമിത് ഷായുടെ ചര്‍ച്ച.

തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ബി.ജെ.പി.യില്‍ എത്തിക്കാനാണ് ശ്രമം. മുതിര്‍ന്ന നേതാക്കളായ ബി.എസ്. യെദ്യൂരപ്പയും കെ.എസ്. ഈശ്വരപ്പയും തമ്മിലുള്ള വിഭാഗീയവൈരത്തിന് പരിഹാരം കാണാനും നീക്കമുണ്ടാകും.

സ്ഥാനാര്‍ഥി നിര്‍ണയവും ചര്‍ച്ചയാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സിറ്റിങ് എം.എല്‍.എ.മാര്‍ക്ക് സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

Top