രക്തസാക്ഷിത്വം വരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരം അര്‍പ്പിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: രക്തസാക്ഷിത്വം വരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരം അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് അദ്ദേഹം ദേശീയ പൊലീസ് സ്മാരകം സന്ദര്‍ശിച്ചത്.

ജോലിക്കിടെ രക്തസാക്ഷികളായ കേന്ദ്ര- സംസ്ഥാന പൊലീസ് സേനാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാണ് പൊലീസ് സ്മാരകം സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ധീരതയ്ക്കും ശൗര്യത്തിനും മുമ്പില്‍ വണങ്ങുന്നു. രക്തസാക്ഷിത്വം വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ മഹത്തായ ജീവത്യാഗത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ദേശീയ പൊലീസ് സ്മാരകം സന്ദര്‍ശിക്കുകയായിരുന്നു തന്റെ ആദ്യ ഉദ്ദ്യമം എന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. 34,000 ത്തിലേറെ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ചു. അവര്‍ ജീവത്യാഗം ചെയ്തതുകൊണ്ടാണ് രാജ്യം ഇന്ന് സുരക്ഷിതമായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ദര്‍ശനത്തിന് ശേഷം തനിക്ക് കൂടുതല്‍ ഉന്മേഷം തോന്നുന്നു. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ശക്തി ലഭിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ദേശീയ പൊലീസ് സ്മാരകം സന്ദര്‍ശിച്ച അമിത് ഷായ്‌ക്കൊപ്പം കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഇന്റലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജെയിന്‍ എന്നിവരും ഉണ്ടായിരുന്നു.

Top