പൊതുവേ എനിക്ക് ശബ്ദം കൂടുതലാണ്, അത് ‘മാനുഫാക്ചറിങ് ഡിഫക്ട് ആണെന്നും അമിത് ഷാ

ന്യൂഡല്‍ഹി: ലോക്‌സഭയെ ചിരിപ്പിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. ദേഷ്യം കാരണമല്ല തന്റെ ശബ്ദം എപ്പോഴും ഉയരുന്നതെന്നു വ്യക്തമാക്കിയ അമിത് ഷാ, ഇത് ‘മാനുഫാക്ചറിങ് ഡിഫക്ട്’ ആണെന്നു പറഞ്ഞതാണു സഭാംഗങ്ങള്‍ക്കിടയില്‍ ചിരിപടര്‍ത്തിയത്. ലോക്‌സഭയില്‍ കുറ്റവാളി തിരിച്ചറിയല്‍ ചട്ടം ഭേദഗതി ബില്‍ അവതരിപ്പിക്കുമ്പോഴാണ് അമിത് ഷാ സ്വന്തം ശബ്ദത്തെ ‘ട്രോളി’യത്.

ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ അമിത് ഷാ ദേഷ്യത്തോടെയാണു പ്രതികരിക്കുന്നതെന്ന് ഒരു തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ചൂണ്ടിക്കാട്ടിയപ്പോഴാണ് അമിത് ഷാ രസകരമായി പ്രതികരിച്ചത്. കശ്മീരിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കപ്പെടുമ്പോള്‍ മാത്രമാണു തനിക്ക് ദേഷ്യം വരാറുള്ളതെന്നും അമിത് ഷാ വെളിപ്പെടുത്തി. അതല്ലാതെ ആരോടും ദേഷ്യപ്പെടാറില്ലെന്നും അമിത് ഷാ പറഞ്ഞു.

”പൊതുവെ ഞാന്‍ ആരോടും ദേഷ്യപ്പെടാറില്ല. എനിക്കു പൊതുവെ കുറച്ചു ശബ്ദം കൂടുതലാണ്. അത് ‘മാനുഫാക്ചറിങ് ഡിഫക്റ്റാ’ണ്. അല്ലാതെ എനിക്കു ദേഷ്യം വരാറില്ല. ഞാന്‍ പൊതുവെ ഉച്ചത്തില്‍ സംസാരിക്കുന്നയാളാണ്. അത് ചിലപ്പോള്‍ ആളുകള്‍ക്ക് ദേഷ്യമായി തോന്നിയേക്കാം. കശ്മീരിനെക്കുറിച്ചു ചോദ്യം ഉയരുമ്പോഴല്ലാതെ എനിക്കു ദേഷ്യം വരാറേയില്ല.’ അമിത് ഷാ പറഞ്ഞു.

Top