സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ; ശാന്തത പാലിക്കണമെന്ന് കെജ്രിവാള്‍

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അക്രമ സംഭവങ്ങളില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചതോടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജാഫറാബാദ്, മൗദ്പൂര്‍ തുടങ്ങിയ ഇടങ്ങളിലാണ് അക്രമസംഭവങ്ങള്‍ നടന്നത്.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഹോം സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ കുമാര്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്, കോണ്‍ഗ്രസ് നേതാവ് സുഭാഷ് മല്‍ഹോത്ര, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ്തിവാരി, പാര്‍ട്ടി നേതാവ് രാംഭിര്‍ ബിധൂരി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

നേരത്തെ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുടെയും, ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചിരുന്നു. ‘ഡല്‍ഹിക്കാരോട് സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ആശങ്കയുണ്ട്. നിരവധി പോലീസുകാര്‍ക്കും, ജനങ്ങള്‍ക്കും പരുക്കേല്‍ക്കുകയും, ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നിരവധി വീടുകള്‍ക്കും കടകള്‍ക്കും തീവെച്ചിട്ടുണ്ട്. അത് ദൗര്‍ഭാഗ്യകരമാണ്’, കെജ്രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിക്ക് പുറത്ത് നിന്ന് ആളുകള്‍ എത്തുന്നതായി അതിര്‍ത്തി പ്രദേശങ്ങളിലെ എംഎല്‍എമാര്‍ പറയുന്നു. ഇത് തടയാന്‍ അതിര്‍ത്തികളില്‍ നിന്നും ആളുകളെ അറസ്റ്റ് ചെയ്യണം, കെജ്രിവാള്‍ ആവശ്യപ്പെട്ടു. സിഎഎയെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള ഗ്രൂപ്പുകളാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ സിഎഎ വിരുദ്ധ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുപ്പ് തുടരുകയാണ്.

Top