നക്‌സലിസത്തില്‍ കോണ്‍ഗ്രസ് നിലപാടെന്ത്? ; രാഹുലിനെതിരെ അമിത് ഷായുടെ പുതിയ നീക്കം

ന്യൂഡല്‍ഹി: ഭീമാ കൊറേഘാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത പൗരാവകാശ പ്രവര്‍ത്തകരുടെ വീട്ടു തടങ്കല്‍ നാലാഴ്ചത്തേക്ക് കൂടി നീട്ടിക്കൊണ്ട് സുപ്രീംകോടതിയുടെ വിധി. ഇതിനെ തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ പഴയ ട്വീറ്റിന് മറുപടിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്.

‘വിഡ്ഢികള്‍ക്ക് ഒരു സ്ഥലമേ ഈ ലോകത്തുള്ളൂ അതാണ് കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍ വ്യാജ പൗരാവകാശ പ്രവര്‍ത്തകരും കറപുരണ്ടവരുമാണ്. സത്യസന്ധമായി ജോലി ചെയ്യുന്നവരെക്കൂടി ഇവര്‍ നാണം കെടുത്തും. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം’ അമിത് ഷാ ട്വീറ്റ് ചെയ്തു.

ആഗസ്റ്റ് 28ാം തീയതി ഭീമ കൊറേഘാവ് കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ചെയ്ത ട്വീറ്റിന് മറുപടിയാണ് ഇന്ന് അമിത്ഷാ നല്‍കിയത്.

‘ഇന്ത്യയില്‍ ഒരേ ഒരു എന്‍ജിഒയ്ക്ക് മാത്രമേ നിലനില്‍പ്പ് ഉള്ളൂ, അതാണ് ആര്‍എസ്എസ്. മറ്റെല്ലാ എന്‍ജിഒകളും അടച്ചുപൂട്ടണം. ആക്ടിവിസ്റ്റുകളെ ജയിലിലടക്കണം. പരാതി പറയുന്നവരെ വെടിവച്ചു കൊല്ലണം. പുതിയ ഇന്ത്യയിലേയ്ക്ക് സ്വാഗതം’ രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രസ്ഥാവന.

നിരന്തര ട്വീറ്റുകളിലൂടെ വലിയ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ അമിത് ഷാ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അതില്‍ ദേശീയ സുരക്ഷയുടെ കാര്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇന്നത്തെ വിധിയെ ഉപയോഗിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അര്‍ബന്‍ നക്‌സലിസത്തിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇന്ത്യ അഭിപ്രായ സ്വാതന്ത്രത്തിന് വളരെയധികം വിലകല്‍പ്പിക്കുന്ന രാജ്യമാണ്. വാദപ്രതിവാദങ്ങള്‍ക്കും ആശയ രൂപീകരണങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ട്. ജനങ്ങളെക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മാപ്പ് പറയണമെന്നും അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പൗരാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പൗരാവകാശ പ്രവര്‍ത്തകരെ നാലാഴ്ച കൂടി വീട്ടു തടങ്കലില്‍ പാര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം, മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണത്തില്‍ സംശയങ്ങളുണ്ടെന്നും കേസില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നും വിധി പ്രസ്ഥാവിച്ച ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഇപ്പോള്‍ അഭിപ്രായം പറയാനില്ല, അത് കേസിനെ മൊത്തത്തില്‍ ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റ് ജഡ്ജിമാരുടെ വിധിന്യായങ്ങള്‍ക്ക് വ്യത്യസ്തമായി വിയോജന വിധിയാണ് അദ്ദേഹം പുറപ്പെടുവിച്ചത്.

Top