‘ഒരു രാജ്യം ഒരു ഭാഷ’; അമിത് ഷായുടെ വാദം തള്ളി മമതയും സ്റ്റാലിനും

കൊല്‍ക്കത്ത:’ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനുമടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍

ഹിന്ദി ദിനാചരണത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് മമത അമിഷായുടെ വാദം തള്ളിയത്. എല്ലാ ഭാഷകളേയും സംസ്‌കാരങ്ങളേയും നാം തുല്യമായി ബഹുമാനിക്കണം. നമ്മള്‍ ഒരുപാട് ഭാഷകള്‍ പഠിച്ചേക്കാം. എന്നിരുന്നാലും മാതൃഭാഷ മറക്കരുതെന്നും മമത ട്വീറ്റ് ചെയ്തു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നിരന്തരം എതിര്‍ത്തുകൊരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷായുടെ ഇന്നത്തെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും. അദ്ദേഹം തന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞത്.

വിവിധ ഭാഷകളുടെ നാടാണ് ഇന്ത്യയെന്നും ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും എന്നാല്‍, രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതിന് ഏകീകൃതമായൊരു ഭാഷ വേണമെന്നും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് അതിന് നല്ലതെന്നും അമിത്ഷാ പറഞ്ഞു.

സര്‍ദാര്‍ പട്ടേലും ഗാന്ധിജിയും സ്വപ്നം കണ്ട ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണം. മഹാത്മഗാന്ധിയുടെ സ്വപ്നമാണ് ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍. രാജ്യത്തിന്റെ ഏകതയ്ക്ക് ഒരു ഭാഷ ആവശ്യമാണ്. രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ ഏതെങ്കിലും ഭാഷക്ക് സാധിക്കുമെങ്കില്‍ അത് ഹിന്ദിയായിരിക്കും, അമിത് ഷാ വ്യക്തമാക്കി.

Top