പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നും സംസാരിക്കാനുള്ളത് കശ്മീര്‍ ജനതയോട് മാത്രമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.

സമാധാനം പുനഃസ്ഥാപിക്കുന്നതിൽ വലിയ നേട്ടം കൈവരിച്ചുവെന്ന് പറഞ്ഞ അമിത് ഷാ നിഴൽ യുദ്ധത്തോട് സന്ധിയില്ലെന്നും കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ശരിയെന്ന് തെളിഞ്ഞ വർഷങ്ങളാണ് ഇപ്പോഴത്തേതെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ജമ്മുകശ്മീരില്‍ സന്ദര്‍ശനം തുടരുന്ന അമിത് ഷാ ഇന്ന് രാത്രി ഭീകരാക്രമണം നടന്ന പുല്‍വാമയിലെ ലേത്പുര സന്ദര്‍ശിക്കും. ജവാന്മാര്‍ക്കൊപ്പം അത്താഴം കഴിച്ച് ഇന്ന് അവിടെ തങ്ങാനാണ് തീരുമാനം. ഇതോടെ അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം അവസാനിക്കും.

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് കഴിഞ്ഞ രണ്ടുദിവസം നീണ്ട സന്ദര്‍ശനത്തില്‍ അമിത് ഷാ വ്യക്തമാക്കിയത്. ഇന്നലെ അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ ഷോപ്പിയാനിലെ ബബാപൊരയില്‍ തീവ്രവാദി ആക്രമണം നടന്നിരുന്നു. ഒരു ജവാന് പരിക്കേല്‍ക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു. സന്ദര്‍ശന വേളയിലുണ്ടായ തീവ്രവാദി ആക്രമണത്തെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.

പിന്നാലെ തീവ്രവാദി ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്ത് വന്നു. കശ്മീരില്‍ സമാധാനം പുലരുന്നതിലുള്ള അസ്വസ്ഥതയാണ് തീവ്രവാദി ആക്രമണങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്ഥാനെ പേരെടുത്ത വിമര്‍ശിച്ച സൈനിക മേധാവി ശക്തമായ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

Top