ജയന്ത് ചൗധരിയെ വീണ്ടും ബി.ജെ.പി സഖ്യത്തിലേക്ക് ക്ഷണിച്ച് അമിത് ഷാ

ലഖ്നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയന്ത് ചൗധരിയേയും രാഷ്ട്രീയ ലോക് ദളിനെയും ഏതുവിധേനെയും കൂടെക്കൂട്ടാന്‍ നീക്കങ്ങള്‍ നടത്തി അമിത് ഷാ. നിലവില്‍ സഖ്യത്തിലിരിക്കുന്ന അഖിലേഷ് യാദവിനെയും സമാജ്വാദി പാര്‍ട്ടിയെയും ഉപേക്ഷിച്ച് ആര്‍.എല്‍.ഡി തങ്ങള്‍ക്കൊപ്പം വരണമെന്നായിരുന്നു ഷാ പറഞ്ഞത്.വ്യാഴാഴ്ച ബുലാന്ദ്ഷഹറില്‍ വെച്ച് നടന്ന സമ്മേളനത്തിലായിരുന്നു ഷാ ഇക്കാര്യം പറഞ്ഞത്.

അഖിലേഷ് തന്റെ പിതാവിനെ ധിക്കരിച്ചവനാണെന്നും അമിത് ഷാ ചൗധരിയെ ഓര്‍മപ്പെടുത്തി. ‘എസ്.പിയുടെ സമുന്നതനായ നേതാവും തന്റെ അച്ഛനുമായ മുലായം സിംഗ് യാദവിനെയും അമ്മാവന്‍ ശിവപാല്‍ യാദവിനെയും ധിക്കരിച്ചവനാണ് അഖിലേഷ് യാദവ്. അങ്ങനെയുള്ള ഒരാള്‍ നിങ്ങളുടെ (ജയന്ത് ചൗധരി) വാക്കിന് വില നല്‍കുമെന്ന് തോന്നുന്നുണ്ടോ? നീയിപ്പോള്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്’ ഷാ പറയുന്നു.

ആര്‍.എല്‍.ഡിക്കും ചൗധരിക്കും വേണ്ടി ബി.ജെ.പിയുടെ വാതില്‍ എന്നും തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു അമിത് ഷാ നേരത്തെ പറഞ്ഞിരുന്നത്. അമിത് ഷായ്ക്ക് പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ജാട്ട് സമുദായത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ പ്രവേശ് വര്‍മയും ആര്‍.എല്‍.ഡിയെ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു.

 

Top