ഹരിയാനയില്‍ ബിജെപി-ജെജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്

ഛത്തീസ്ഗഢ് : ഹരിയാനയില്‍ ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ ബിജെപി ഗവര്‍ണ്ണറെ കാണും.

അമിത് ഷായുടെ വസതിയില്‍ ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയും ജെജെപിയും ധാരണയിലെത്തിയത്.

അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിന്റെ ഇടപെടലാണ് പാര്‍ട്ടിയെ ബിജെപി പാളയത്തിലേക്ക് എത്തിച്ചത്. ജെജെപിയിലെ വലിയൊരു വിഭാഗവും ബിജെപി സഖ്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. സ്വതന്ത്രരുടേതടക്കം ഒമ്പത് പേരുടെ പിന്തുണ നേടി കേവലഭൂരിപക്ഷമായ 46 മറികടന്നെങ്കിലും സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ ജെജെപിയെ ബിജെപി ക്ഷണിക്കുകയായിരുന്നു.

90 അംഗ സഭയില്‍ 40 സീറ്റുകളില്‍ ബി.ജെ.പിയും 31 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചു. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആറ് എം.എല്‍.എമാരുടെ പിന്തുണ കൂടി വേണമായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിക്കും കോണ്‍ഗ്രസിനും മുന്നില്‍ ജെ.ജെ.പി വാതില്‍ തുറന്നിട്ടതോടെയാണ് ഹരിയാന സര്‍ക്കാര്‍ രൂപീകരണം സങ്കീര്‍ണമായത്.

പൊതുമിനിമം പരിപാടി അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നാണ് ജെ.ജെ.പി വ്യക്തമാക്കിയത്. ചര്‍ച്ചക്ക് തയ്യാറാണെന്ന സൂചന കോണ്‍ഗ്രസും നല്‍കി. പക്ഷേ ബി.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സഖ്യം സംബന്ധിച്ച് ധാരണയാവുകയായിരുന്നു.

അതേസമയം ലൈംഗിക പീഡനത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഗീതക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും ഹരിയാന ലോക് ഹിത് പാര്‍ട്ടി എംഎല്‍എയുമായ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടിയതിനെതിരെ ബിജെപിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നു. നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉമാഭാരതി, സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top