‘ബിജെപി തൊപ്പി’ തട്ടിമാറ്റി അമിത് ഷായുടെ കൊച്ചു മകള്‍; വീഡിയോ വൈറല്‍

ഗാന്ധിനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജനവിധി തേടിയിറങ്ങുകയാണ്. ഇന്ന് അദ്ദേഹം തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രിക പൂരിപ്പിക്കുന്നതിന് മുമ്പായി അഹമ്മദാബാദില്‍ എത്തിയ അമിത് ഷായ്ക്ക് വന്‍സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്. അതിനൊപ്പം അമിത് ഷായുടെ കുടംബവും സ്വീകരണമൊരുക്കാന്‍ എത്തിയിരുന്നു.

എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം അമിത്ഷായേക്കാള്‍ താരമായത് അദ്ദേഹത്തിന്റെ കൊച്ചുമകളാണ്. പിങ്കും നീലയും ചേര്‍ന്ന ഫ്രോക്കും അതിന് ചേരുന്ന തൊപ്പിയും ധരിച്ചെത്തിയ അമിത് ഷായുടെ കൊച്ചു മകളെ അമിത് ഷാ ബിജെപി തൊപ്പി ധരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഒരു രസകരമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞ് അമിത് ഷായുടെ അടുത്തെത്തിയപ്പോള്‍ ധരിച്ചിരുന്ന തൊപ്പി മാറ്റി ബിജെപിയുടെ തൊപ്പി വെയ്പ്പിക്കാന്‍ അമിത് ഷാ നോക്കി. എന്നാല്‍, കുട്ടി അത് തട്ടിമാറ്റി. കുട്ടിയെ അമിത് ഷാ എടുത്ത ശേഷം വീണ്ടും ബിജെപി തൊപ്പി ധരിപ്പിക്കാന്‍ നോക്കി. അപ്പോഴും അത് കുട്ടി തട്ടിമാറ്റി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെ പ്രചരിക്കുകയാണ്.

Top