കശ്മീര്‍ പോര്‍ക്കളത്തിലേക്ക് നേരിട്ട് അമിത് ഷാ; ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ഷോപ്പിയാന്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം നാളെ ആരംഭിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി ജമ്മുകശ്മീരില്‍ സുരക്ഷ കര്‍ശനമാക്കി. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന കാലയളവില്‍ ഭീകരവാദികള്‍ വ്യാപകമായ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പഴുതടച്ച സുരക്ഷയാണ് ജമ്മുകശ്മീരില്‍ ഒരുക്കുന്നതെന്ന് സംയുക്ത സേന അറിയിച്ചു.

ജമ്മുകശ്മീരില്‍ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ക്കിടെ സുരക്ഷാ സ്ഥിതി വിലയിരുത്താനാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ അമിത്ഷാ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അമിത്ഷാ ആദ്യമായാണ് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്.

അതേസമയം, കരസേനാ മേധാവി ജനറല്‍ എംഎം നരവാണെയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരിലുണ്ട്. തിങ്കളാഴ്ച അമിത് ഷാ സംസ്ഥാന, കേന്ദ്ര സായുധ പൊലീസ് സേനാ മേധാവികളുമായുള്ള കൂടിക്കാഴ്ചയില്‍ ജമ്മു കശ്മീരില്‍ അടുത്തിടെ സാധാരണക്കാരുള്‍പ്പെടെ കൊല്ലപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.

Top