സിഎഎ;ക്രിസ്ത്യാനികളും പാഴ്‌സികളും ഉള്‍പ്പെട്ടു, മുസ്ലിംകള്‍ ഒഴിവായി:വിശദീകരണവുമായി അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വം നല്‍കുന്നതില്‍ എന്തുകൊണ്ട് ക്രിസ്ത്യാനികളും പാഴ്‌സികളും ഉള്‍പ്പെട്ടുവെന്നും എന്തുകൊണ്ട് മുസ്ലിം വിഭാഗത്തെ ഒഴിവാക്കിയതെന്നുമാണ് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ വിശദീകരിച്ചത്.

2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് സിഎഎ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. മുസ്ലീം ജനസംഖ്യ കാരണം ആ പ്രദേശങ്ങള്‍ ഇന്ന് ഇന്ത്യയുടെ ഭാഗമല്ല. അത് അവര്‍ക്ക് നല്‍കിയതാണ്. അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മതപരമായ പീഡനങ്ങള്‍ അനുഭവിച്ചവര്‍ക്കും അഭയം നല്‍കേണ്ടത് നമ്മുടെ ധാര്‍മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ആധുനിക അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, മ്യാന്‍മര്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശമുള്‍ക്കൊള്ളുന്നതാണ് അഖണ്ഡ ഭാരതമെന്ന ആശയമെന്നും അമിത് ഷാ വ്യക്തമാക്കി.

വിഭജന സമയത്ത് പാകിസ്ഥാനിലെ ജനസംഖ്യയുടെ 23 ശതമാനം ഹിന്ദുക്കളായിരുന്നു. ഇപ്പോള്‍ അത് 3.7 ശതമാനമായി കുറഞ്ഞു. അവര്‍ എവിടെ പോയി. ഇത്രയും പേര്‍ ഇന്നവിടെയില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു. അവരെ അപമാനിച്ചു. രണ്ടാംതരം പൗരന്മാരായി കണക്കാക്കി. അവര്‍ എവിടെ പോകുമെന്നും അമിത് ഷാ ചോദിച്ചു. 1951-ല്‍ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 22 ശതമാനം ഹിന്ദുക്കളായിരുന്നു. 2011-ല്‍ 10 ശതമാനമായി കുറഞ്ഞു. അവര്‍ എവിടെ പോയി. അഫ്ഗാനിസ്ഥാനില്‍ 1992-ല്‍ ഏകദേശം 2 ലക്ഷം സിഖുകാരും ഹിന്ദുക്കളുമുണ്ടായിരുന്നു. ഇപ്പോള്‍ 500 പേര്‍ അവശേഷിക്കുന്നു. അവര്‍ക്ക് അവരുടെ മത വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അവകാശമില്ലേ. ഭാരതം ഒന്നായിരുന്നപ്പോള്‍ അവര്‍ നമ്മുടേതായിരുന്നു. അവര്‍ നമ്മുടെ സഹോദരീസഹോദരന്മാരാണെന്നും അമിത് ഷാ പറഞ്ഞു.

ഷിയാ, ബലൂച്, അഹമ്മദിയ മുസ്ലിംകള്‍ തുടങ്ങിയ പീഡിപ്പിക്കപ്പെടുന്ന സമുദായങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും അമിത് ഷാ മറുപടി നല്‍കി. ലോകമെമ്പാടും ഷിയാ, ബലൂച്, അഹമ്മദിയ തുടങ്ങിയ വിഭാഗങ്ങളെ ഒരു മുസ്ലീം ബ്ലോക്കായി കണക്കാക്കുന്നു. കൂടാതെ, മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ പൗരത്വത്തിന് അപേക്ഷിക്കാം. ഭരണഘടനയില്‍ അതിന് വ്യവസ്ഥയുണ്ട്. ദേശീയ സുരക്ഷയും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. അതേസമയം, സാധുവായ രേഖയില്ലാതെ അതിര്‍ത്തി കടന്നെത്തിയ, പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക നിയമമാണ് സിഎഎയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മറ്റുരാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ 85 ശതമാനത്തിലധികം പേര്‍ക്കും രേഖകളുണ്ടെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ മറുപടി. സിഎഎ ജനാധിപത്യ വിരുദ്ധമാണെന്നും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നുമാണ് പ്രധാന വിമര്‍ശനം.

Top