‘വയനാട് ഇന്ത്യയിലോ പാകിസ്ഥാനിലോ?’; വിവാദ പരാമർശവുമായി അമിത് ഷാ

നാഗ്പുര്‍ : രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. മുസ്ലിം ലീഗിന്റെ പച്ചക്കൊടിയെ പാകിസ്ഥാന്‍ പതാകയുമായി താരതമ്യം ചെയ്തുകൊണ്ട് അമിത് ഷാ നടത്തിയ പരാമര്‍ശം വിവാദമാകുകയാണ്. നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് പറയാനാവില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നും അമിത് ഷാ പ്രസംഗത്തില്‍ ചോദിക്കുന്നു. ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.

പുല്‍വാമ ഭീകരാക്രമണ വിഷയവും അമിത് ഷായുടെ പ്രസംഗത്തില്‍ കടന്നു വന്നു. പുല്‍വാമയില്‍ 40 സൈനികരെ കൊലപ്പെടുത്തിയതിനെതിരെ ബലാക്കോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയതില്‍ രാജ്യം മുഴുവന്‍ ആഹ്‌ളാദിക്കുമ്പോള്‍ ദു:ഖഭരിതമായ മൗനം ഉണ്ടായത് പാകിസ്ഥാനിലും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിലുമായിരുന്നു എന്നാണ് അമിത് ഷാ പ്രസംഗിച്ചത്.

ലോകം മുഴുവന്‍ ഹിന്ദു സമുദായത്ത അപകീര്‍ത്തിപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്, ഹിന്ദു ഭീകരത എന്ന് പറയുന്നതിലൂടെ രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ഇതിന് മാപ്പു പറയണമെന്നും അമിത് ഷാ വ്യക്തമാക്കി.

നേരത്തെ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരുന്നു. മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഒരു വൈറസാണെന്നും രാഹുല്‍ ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നായിരുന്നു ആദിത്യനാഥിന്റെ ട്വീറ്റ്.

Top