വിശ്വാസികൾക്കൊപ്പം ഉറച്ചുനിൽക്കും ; സർക്കാരിന്‍റെ പ്രധാന നേട്ടം ദേശസുരക്ഷയെന്നും ഷാ

തൃശൂർ: ശബരിമല വിശ്വാസികൾക്കൊപ്പം പാറപോലെ ഉറച്ചു നിൽക്കുമെന്ന് ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത്ഷാ. അയ്യപ്പ വിശ്വാസികൾക്കൊപ്പം ഉണ്ടാകുമെന്നു പറഞ്ഞ അമിത് ഷാ, ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്നും ആരോപിച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടത്തിയ പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ശബരിമല വിശ്വാസങ്ങൾ പൂർണമായും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും വിശ്വാസികൾക്കൊപ്പം ഉറച്ചുനിൽകുമെന്നും അമിത്ഷാ വ്യക്തമാക്കി.

പ്രധാനമന്ത്രി ഉജ്വൽ യോജന, ഗ്രാമീണ സഡക്ക് യോജന, വിഴിഞ്ഞം പദ്ധതി, പാലക്കാട് ഐഐടി, ജൻ ഔഷധി കേന്ദ്രങ്ങൾ, കൊച്ചിൻ സ്മാർട്സിറ്റി തുടങ്ങിയവയിലൂടെ കേന്ദ്രസർക്കാർ കേരളത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അമിത് ഷാ അക്കമിട്ട് നിരത്തി.

നരേന്ദ്രമോദി സർക്കാർ പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്തു. അടിസ്ഥാനവികസന സൗകര്യങ്ങൾ വിപുലപ്പെടുത്തി. എന്നാൽ ഏറ്റവും വലിയ പ്രാധാന്യം നൽകിയത് ദേശസുരക്ഷയ്ക്കാണെന്നും അമിത് ഷാ വ്യക്തമാക്കി.

‘പുൽവാമ ഭീകരാക്രമണത്തിന് മറുപടിയുമായി നരേന്ദ്രമോദി ഉടൻ തന്നെ തിരികെ പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തി. രാജ്യത്തിന്‍റെ സേന തിരിച്ചടിച്ചു. സാം പിത്രോദ പ്രത്യാക്രമണത്തിന് തെളിവ് ചോദിച്ചില്ലേ? ഭീകരവാദികളുമായി ചർച്ച വേണോ, അതോ അവർക്ക് നേരെ ബോംബ് വർഷിക്കണോ, നിങ്ങൾ തന്നെ പറയണം’, അമിത് ഷാ ചോദിച്ചു.

രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും ഭീകരവാദികളുമായി ചങ്ങാത്തത്തിനാണ് താല്പര്യം. എന്നാൽ ഭീകരവാദത്തെ ഉന്മൂലനം ചെയ്യലാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റേയും ലക്ഷ്യം. രാജ്യം സുരക്ഷിതമാവണമെങ്കിൽ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലേറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Top