പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അമിത് ഷാക്ക് ബിഹാറിനെയും ഇന്ത്യയെയും ഞങ്ങള്‍ ഇവിടെ ചെയ്യുന്ന ജോലിയെ കുറിച്ചും ഒന്നും അറിയില്ലെന്നും നിതീഷ് കുമാര്‍ പരിഹസിച്ചു. ഇന്‍ഡ്യ സഖ്യം ചില മാധ്യമങ്ങള്‍ക്ക് ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള എന്റെ ശ്രമങ്ങളില്‍ അസ്വസ്ഥരായ ഈ ആളുകളെ ശ്രദ്ധിക്കാന്‍ എനിക്ക് സമയമില്ല. അതിനാല്‍ ഈ മനുഷ്യര്‍ എന്തെങ്കിലുമൊക്കെ വെറുതെ പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാവ് അമിത് ഷാ വടക്കന്‍ ബിഹാറിലെ ഝന്‍ജന്‍പൂരില്‍ നടത്തിയ റാലിയെക്കുറിച്ചും സര്‍ക്കാരിനെതിരായ ആരോപണങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി.
പ്രതിപക്ഷ സഖ്യം പക്ഷപാതിത്വമാരോപിച്ച് ചില മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ കുറിച്ച്, തനിക്ക് അതെ കുറിച്ച് അറിയില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പമാണ് എന്നുമായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. അതേസമയം ലാലുപ്രസാദ് യാദവുമായുള്ള കൂട്ടുകെട്ട് എണ്ണയും വെള്ളവും പോലെ ഒട്ടും യോജിക്കാത്തതാണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.