മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് കോണ്‍ഗ്രസ്; വിമര്‍ശനവുമായി അമിത് ഷാ

ബംഗളൂരു: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.മതത്തിന്റെ പേരു പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയില്‍ പങ്കെടുക്കവേയാണ് ഷാ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ജെഡിഎസും എസ്പിയും ബിഎസ്പിയുമെല്ലാം വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് സിഎഎയെ വിമര്‍ശിക്കുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

അതേസമയം പൗരത്വ നിയമഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണ്. ജെഎന്‍യുവില്‍ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ്. ഇന്ത്യയില്‍ എവിടെയും ഈ മുദ്രാവാക്യങ്ങള്‍ ഉയരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനില്‍ 30% ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ 3% ആയി ചുരുങ്ങി. ന്യൂനപക്ഷങ്ങളെ പാകിസ്ഥാന്‍ കൊന്നൊടുക്കിയതായും അമിത് ഷാ ചൂണ്ടികാട്ടി.

Top