ബിജെപി സംസ്ഥാന അധ്യക്ഷ നിയമനം; അമിത് ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും

ന്യൂഡല്‍ഹി: ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിശദാംശങ്ങള്‍ രണ്ടു ദിവസത്തിനകം തയാറാകുമെന്നു ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു.

തിരുവനന്തപുരത്തു വെച്ച് നടത്തുന്ന ചര്‍ച്ചകളില്‍ എല്ലാ നേതാക്കളുമായും അമിത് ഷാ സംവദിക്കുമെന്നും, തെക്കന്‍ കേരളത്തിലെ ആറു ലോക്‌സഭാ മണ്ഡലങ്ങള്‍ സംബന്ധിച്ച കാര്യങ്ങളാണ് അന്നു ചര്‍ച്ച ചെയ്യുക – തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, അടുത്ത സന്ദര്‍ശനത്തില്‍ മറ്റു മണ്ഡലങ്ങളെപ്പറ്റി ചര്‍ച്ചയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ സംസ്ഥാന അധ്യക്ഷ നിയമനത്തിലെ അനിശ്ചിതത്വം പരിഹരിക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമല്ല ഷായുടെ സന്ദര്‍ശനമെന്നാണു കേന്ദ്ര നേതൃത്വം നല്‍കുന്ന വിശദീകരണം.

എന്നിരുന്നാലും സന്ദര്‍ശനത്തിനു പിന്നാലെ അധ്യക്ഷ നിയമനം പ്രതീക്ഷിക്കാമെന്നും റാവു സൂചിപ്പിച്ചു.

Top