അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് വരെ വിശ്രമമില്ല; നിലപാടിലുറച്ച് ഷാ

ജബല്‍പുര്‍: പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുവരെ മോദി സര്‍ക്കാരിന് വിശ്രമമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസും പ്രതിപക്ഷവും പൗരത്വ നിയമ ഭേദഗതിയെ എത്രത്തോളം എതിര്‍ത്താലും ഓരോ അഭയാര്‍ത്ഥിക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത് വരെ തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു ബിജെപി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസുകാരേ കേട്ടോളൂ, പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കാവുന്ന അത്രയും എതിര്‍ത്തോളൂ. പക്ഷേ, പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തപ്പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല. എല്ലാവര്‍ക്കും പൗരത്വം നല്‍കിയശേഷം മാത്രമേ ഞങ്ങള്‍ അടങ്ങിയിരിക്കൂ. ആര്‍ക്കും ഇതില്‍നിന്നു ഞങ്ങളെ തടയാനാകില്ല- അമിത് ഷാ പറഞ്ഞു.

രാഹുലും മമതയും കെജ്രിവാളും ആളുകളെ വഴിതെറ്റുക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

ജെഎന്‍യുവില്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിക്കുകയാണ്. ഭാരത് തേരെ ടുക്‌ഡേ ടുക്‌ഡേ ഹോ ഏക് ഹസാര്‍ ഇന്‍ഷാ അല്ലാഹ് , ഇന്‍ഷാ അല്ലാഹ് ( ഭാരതത്തെ കഷ്ണം കഷ്ണമാക്കും,) എന്ന മുദ്രാവാക്യമാണ് ജെന്‍എയുവിലെ ചിലര്‍ വിളിക്കുന്നത്. ഇങ്ങനെ രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികളെ അഴിക്കുള്ളിലടയ്‌ക്കേണ്ടേയെന്നും അമിത് ഷാ ചോദിച്ചു.

പാക്കിസ്ഥാനില്‍നിന്നുള്ള ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യക്കാര്‍ക്കുള്ളതുപോലെ തന്നെ അവകാശങ്ങളുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Top