ഇവര്‍ ഇനി നമ്മുടെ സഹോദരന്മാര്‍; ത്രി കക്ഷി കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ചു, അസം സാക്ഷി

ന്യൂഡല്‍ഹി: അസമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി ത്രി കക്ഷി കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പു വെച്ചു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍, എന്‍.ഡി.എഫ്.ബി, എ.ബി.എസ്.യു. എന്നിവയുടെ നേതൃത്വം, കേന്ദ്ര സര്‍ക്കാര്‍ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.

ബോഡോ മേഖലയുടെയും അസമിന്റെയും വികസനത്തിന് ഈ ചരിത്രപരമായ കരാര്‍ സഹായിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ കരാറില്‍ നിന്ന് മൂന്ന് ഗ്രൂപ്പുകള്‍ വിട്ടുനിന്നെങ്കിലും ഇത്തവണ എല്ലാവരും പങ്കാളികളായത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല 1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ബോഡോ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണ് അസം മന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ ചൂണ്ടികാണിക്കുന്നത്.

നിലവിലെ കരാര്‍ അനുസരിച്ച്, പ്രക്ഷോഭകാരികളോട് നല്ല സമീപനം കേന്ദ്രം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതനുസരിച്ച് 1,500 ലധികം തീവ്രവാദികള്‍ ജനുവരി 30 ന് കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘അവര് ഇപ്പോള്‍ തീവ്രവാദികളല്ല, എല്ലാവരും നമ്മുടെ സഹോദരന്മാരാണ്’ കരാറില്‍ ഒപ്പിട്ട ശേഷം അമിത് ഷാ പറഞ്ഞു. ബിടിഎഡി എന്നറിയപ്പെടുന്ന പ്രദേശത്തെ, ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ റീജിയണ്‍ എന്ന് പുനര്‍നാമകരണം ചെയ്യും. ഇവിടത്തെ മലയോര പ്രദേശത്ത് താമസിക്കുന്ന ബോഡോ ജനതയ്ക്ക് കേന്ദ്രം ‘മലയോര ഗോത്ര’ പദവി നല്‍കും. ഒപ്പം ദേവനാഗിരി ലിപിയോടുകൂടിയ ബോഡോ ഭാഷ അസമിലെ സഹഔദ്യോഗിക ഭാഷയാക്കും.

മാത്രമല്ല, പ്രദേശത്തിന്റെ മൊത്തം വികസനത്തിനായി അസം സര്‍ക്കാര്‍ 3 വര്‍ഷം 250 കോടി രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. കേന്ദ്രവും തുല്യ തുക സംഭാവന ചെയ്യുന്നതോടെ മൊത്തം 1500 കോടി രൂപയുടെ സഹായം പ്രദേശത്തിന് ലഭിക്കും.

കൂടാതെ ഇവരില്‍ ക്ലീന്‍ റെക്കോര്‍ഡ് ഉള്ളവരെ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ഭാഗമാക്കുമെന്നും ബോഡോ പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നല്‍കുമെന്നുമാണ് പുറത്തുവരുന്ന വിവരം.

Top