തൃണമൂൽ കോൺഗ്രസിനേയും മമത ബാനർജിയെയും കടന്നാക്രമിച്ച് അമിത് ഷാ

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ എംപിമാരുടേതു മോശം പെരുമാറ്റമാണ്. തൃണമൂൽ ഭരണത്തിൽ ബംഗാൾ സ്തംഭനാവസ്ഥയിലായി. അടുത്ത വർഷം സംസ്ഥാനത്തെ 40 പാർലമെന്റ് സീറ്റുകളിൽ 35ലേറെ സീറ്റ് ബിജെപി നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊൽക്കത്തയിൽ ബിജെപി ഐടി സെൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

‘‘ദീദിയുടെ (മമത) എംപി സമ്മാനങ്ങൾക്കായി ബിസിനസുകാരുമായി തന്റെ പാസ്‌വേഡ് പങ്കിടുന്നു. ഇപ്പോൾ അവർ ആ എംപിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ബംഗാളിലെ പാവങ്ങളെക്കുറിച്ച് എത്ര ചോദ്യങ്ങൾ ചോദിച്ചു? അവർ ഒരിക്കലും അത് ചെയ്യില്ല, കാരണം പാവങ്ങൾക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകാൻ കഴിയില്ല.’’– മഹുവ മൊയ്ത്രയെ ഉന്നംവച്ച് അമിത് ഷാ പറഞ്ഞു.

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറിനെ അനുകരിച്ച തൃണമൂൽ എംപി കല്യാൺ ബാനർജിയെയും വിമർശിച്ചു. ‘‘അവരുടെ എംപി ഉപരാഷ്ട്രപതിയെ അനുകരിക്കുന്നു. ഒരു എംപി ഇങ്ങനെ പെരുമാറാമോ?’’– അമിത് ഷാ ചോദിച്ചു. ലളിതമായ ജീവിതശൈലിക്കു പേരുകേട്ട മമതയെയും വെറുതെ വിട്ടില്ല. “ബംഗാളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം വിദേശ രാജ്യങ്ങളിൽ കൊട്ടാരങ്ങളും മാളികകളും വാങ്ങാൻ ഉപയോഗിക്കുന്നു. അതേ ആളുകൾ ഇവിടെ ഹവായി ചെരുപ്പിട്ടു കറങ്ങുന്നു.’’

ബംഗാളിലെ പാർലമെന്റ് സീറ്റുകൾ തൂത്തുവാരുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ മുഖ്യ തന്ത്രജ്ഞൻ കൂടിയായ അമിത് ഷായുടെ സന്ദർശനം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഐടി സെല്ലിന്റെ പങ്ക് നിർണായകമാകുമെന്ന് അമിത് ഷാ പറഞ്ഞു. പ്രാദേശിക മാധ്യമങ്ങൾ ദീദിയെ ഭയന്ന് ബിജെപിയുടെ വാർത്തകൾ കൊടുക്കില്ലെന്നും ആരോപിച്ചു.

‘‘എല്ലാ സമൂഹമാധ്യമ പോരാളികളും തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഏത് ചാനലിനേക്കാളും പത്രത്തേക്കാളും കൂടുതൽ പ്രചാരം നേടാനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിജയിപ്പിക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ ആർക്കും കഴിയില്ല. അതാണ് നിങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്തം.’’– അമിത് ഷാ കൂട്ടിച്ചേർത്തു.

Top