ജാതി സര്‍വ്വേയില്‍ പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്ലിം, യാദവ ജനസംഖ്യ പെരുപ്പിച്ചുകാട്ടി;അമിത് ഷാ

പട്ന: ജെ.ഡി.യു. നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ അമിത് ഷാ. സംസ്ഥാനത്ത് നടത്തിയ ജാതി സര്‍വ്വേയില്‍ പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്‌ലിം, യാദവ ജനസംഖ്യ മനഃപൂര്‍വ്വം പെരുപ്പിച്ചുകാട്ടിയെന്ന് അമിത് ഷാ ആരോപിച്ചു. നിതീഷ് കുമാര്‍ എന്‍.ഡി.എയുടെ ഭാഗമായിരുന്നപ്പോഴാണ് സംസ്ഥാനത്ത് ജാതി സര്‍വ്വേ നടത്താന്‍ തീരുമാനിച്ചതെന്നും ബിഹാറിലെ മുസഫര്‍പുര്‍ ജില്ലയില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള സ്വപ്‌നം നിതീഷ് കുമാര്‍ ഉപേക്ഷിക്കണമെന്നും ഇന്ത്യ സഖ്യം നിതീഷ് കുമാറിനെ കണ്‍വീനറാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിനെയും അമിത് ഷാ കടന്നാക്രമിച്ചു. ‘ജമ്മു കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കുന്നതിന് എതിരായിരുന്നു ആര്‍.ജെ.ഡിയും ജെ.ഡി.യുവും. 370-ാം വകുപ്പ് റദ്ദാക്കിയാല്‍ ചോരപ്പുഴയൊഴുകുമെന്നാണ് ലാലു പ്രസാദ് അന്ന് പറഞ്ഞത്. ലാലു ജീ, ചോരപ്പുഴയുടെ കാര്യം വിടൂ, കല്ലെറിയാനുള്ള ധൈര്യം പോലും അവിടെയൊരാള്‍ക്കും ഇപ്പോഴില്ല’, അമിത് ഷാ പറഞ്ഞു.

‘രണ്ട് നേതാക്കളും കുടുംബ ബിസിനസ് നടത്തുന്നവരാണ്. ഒരാള്‍ക്ക് പ്രധാനമന്ത്രിയാകണം. മറ്റേയാള്‍ക്ക് മകനെ മുഖ്യമന്ത്രിയാക്കണം’, അമിത് ഷാ പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ 40 മണ്ഡലങ്ങളിലും ബി.ജെ.പി. വിജയിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Top