ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത് ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോടുള്ള വിശ്വാസത്തിന്റെ ഫലം, അമിത് ഷാ

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത് ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിശ്വാസത്തിന്റെ ഫലമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് അമിത് ഷാ നന്ദി അറിയിച്ചു.

ഗ്രാമങ്ങള്‍ക്കും ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി നരേന്ദ്ര മോദി നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് വിജയങ്ങള്‍ക്ക് കാരണം. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഒരിക്കല്‍ കൂടി ബിജെപിയെ ഭരിക്കാന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. മണിപ്പൂരിലെ ജനഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനമുണ്ടാക്കാന്‍ മോദിക്ക് കഴിഞ്ഞതാണ് മണിപ്പൂരിലെ വിജയത്തിന് കാരണം. ബിജെപിയില്‍ വിശ്വാസം അര്‍പ്പിച്ച ഗോവയിലെ ജനങ്ങള്‍ക്കായി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പല പദ്ധതികളും നിറവേറ്റുമെന്നും അമിത് ഷാ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വമ്പിച്ച ജയത്തിന് പിന്നിലും മോദിയിലുള്ള ജനപ്രീതിയാണ്. യുപി യില്‍ യോഗി ആദിത്യനാഥ് ഉണ്ടാക്കിയ അഴിമതി മുക്ത ഭരണത്തില്‍ ജനങ്ങള്‍ ആശ്വസിക്കുന്നുണ്ടെന്നും അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.

 

Top