‘ഇതാണ് സിംപിള്‍ മനുഷ്യന്‍’, വിദേശ യാത്രകളില്‍ മോദി കുളിക്കുന്നതും കിടക്കുന്നതും ടെര്‍മിനലില്‍: അമിത് ഷാ

ന്യൂഡല്‍ഹി: വീണ്ടും പ്രാധാനമന്ത്രിയെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. ഇത്തവണയും മോദിയുടെ ലാളിത്യത്തെ കുറിച്ചും സിംപിളായ ജീവിത രീതിയെ കുറിച്ചുമാണ് അമിത് ഷാ വാചാലനായിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകുമ്പോള്‍ മോദി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വിശ്രമിക്കാറില്ല പകരം കിടക്കുന്നതും കുളിക്കുന്നതുമെല്ലാം വിമാനത്താവളത്തിലെ ടെര്‍മിനലിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘വിദേശയാത്രകള്‍ക്ക് 20- ല്‍ താഴെ ജീവനക്കാര്‍ മാത്രമാണ് മോദിയെ അനുഗമിക്കുന്നത്. ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ വന്‍ വാഹനവ്യൂഹം അദ്ദേഹം പ്രോത്സാഹിപ്പിക്കാറില്ല. മുമ്പ് ഉദ്യോഗസ്ഥര്‍ യാത്രകള്‍ക്കായി പ്രത്യേക കാറുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ വലിയ വാഹനങ്ങളോ ബസുകളോ ആണ് തെരഞ്ഞെടുക്കുന്നത്’- അമിത് ഷാ പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് വളരെ വ്യക്തമാണ് ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയ പ്രധാനമനമത്രി നരേന്ദ്ര മോദി തന്നെയാണ് എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ചിലവുകളുടെ കണക്കുകളും ഇടക്ക് പുറത്ത് വരാറുണ്ട്. ഒരു പക്ഷെ പൊതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അമിത് ഷായുടെ തന്ത്രമായിരിക്കാം മോദിയുടെ ടെര്‍മിനലിലെ കുളി.

അതേസമയം മോദി സര്‍ക്കാരിന്റെ ഭരണം ഒരിക്കലും രാഷ്ട്രീയം നോക്കിയല്ല. എസ്പിജി സ്വര്‍ഗത്തില്‍ നിന്ന് പൊട്ടിമുളച്ച ഏജന്‍സിയല്ല. ഗാന്ധി കുടുംബത്തിന് സിആര്‍പിഎഫ് സുരക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. സിആര്‍പിഎഫ് ഉള്‍പ്പടെയുള്ളവര്‍ തന്നെയാണ് എസ്പിജിയിലും ഉള്ളത്. നരസിംഹറാവുവിന് എസ്പിജി സുരക്ഷ ഒഴിവാക്കിയപ്പോള്‍ ആരും പ്രതിഷേധിച്ചില്ല. മന്‍മോഹന്‍ സിംഗിന് എസ്പിജി സുരക്ഷ ഇല്ലാതായപ്പോഴും ആരും ശബ്ദമുയര്‍ത്തിയിട്ടില്ല.

ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് മുമ്പ് എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിക്കാണോ ഒരു കുടുംബത്തിനാണോ സുരക്ഷനല്‍കേണ്ടത്? ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിക്കുകയല്ല, പരിഷ്‌കരിക്കുകയാണ് ചെയ്തത്. ഓരോരുത്തര്‍ക്കും ഉള്ള ഭീഷണി വിലയിരുത്തിയാണ് സുരക്ഷ എങ്ങനെ വേണമെന്ന് തീരുമാനിക്കുക. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഇസഡ് പ്‌ളസ് സുരക്ഷയില്ലെന്നും അമിത് ഷാ അറിയിച്ചു.

Top