ഏകഭാഷ വാദമുന്നയിച്ച അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

കോഴിക്കോട്: ഏകഭാഷ വാദമുന്നയിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത്ഷായുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെ ഇന്നലെ ഹിന്ദി ദിവസത്തോടനുബന്ധിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അമിത്ഷാ പോസ്റ്റ്ചെയ്ത കുറിപ്പിനു താഴെയാണ് മലയാളികള്‍ കൂട്ടത്തോടെ വന്ന് മലയാളത്തില്‍ കമന്റിട്ടിരിക്കുന്നത്. പതിനയ്യായിരത്തിലേറെ കമന്റുകളാണ് ഈ പോസ്റ്റിന് താഴെയുള്ളത്.

ഭാഷയിലൂടെ എല്ലാവരേയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ അമിത്ഷാ മലയാളം പഠിക്കുകയാണ് നല്ലതെന്നതുള്‍പ്പെടെയുള്ള കമന്റുകള്‍ക്ക് കൂടുതല്‍ ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ സജീവസാന്നിധ്യമായ കേരള വര്‍മ കോളജിലെ മലയാളം അധ്യാപിക ദീപാ നിശാന്ത് ഉള്‍പ്പെടെയുള്ളവരുടെ കമന്റുകളും കുറിപ്പിന് താഴെയുണ്ട്.

‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന അമിത്ഷായുടെ ആഹ്വാനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

പ്രതിഷേധം ഉയര്‍ന്നിട്ടും ”ഹിന്ദി അജണ്ട’ യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘ പരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

Top