ബിജെപിയില്‍ ജനങ്ങള്‍ക്കുള്ളത് അചഞ്ചലമായ വിശ്വാസം; ഇരട്ട എഞ്ചിന്‍ തകര്‍ക്കാനാവില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപിയോടുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയിലെ വന്‍ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലും ക്ഷേമ പരിപാടികളിലും ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും, ത്രിപുരയിലെ വിജയം സമ്മാനിച്ചതിന് വോട്ടര്‍മാര്‍ക്ക് നന്ദിയറിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ വികസന രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇന്ന് തെളിഞ്ഞത്. ഇത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അമിത്ഷാ വ്യക്തമാക്കി. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി സ്വാധീനത്തെ ഇരട്ട എഞ്ചിന്‍ എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പിലെ വിജയം ദേശീയ, വികസന അനുകൂല ശക്തികളുടെ വിജയമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെയും സംസ്ഥാന പാര്‍ട്ടി നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തിന്റെ ക്ഷേത്തിനായി ബിജെപി പ്രവര്‍ത്തിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു.

ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 334 സീറ്റില്‍ 329 സീറ്റും നേടിയാണ് ബിജെപി വിജയിച്ചത്. വോട്ടുവിഹിതത്തില്‍ സിപിഐഎമ്മിനെ മറികടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമായി. ഇരുപത് ശതമാനം വോട്ട് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടത്തിവെട്ടി പ്രധാന പ്രതിപക്ഷമായി.

Top