അമിത് ഷായുടെ ചെന്നൈ സന്ദർശനം; രജനീകാന്തുമായി കൂടിക്കാഴ്‍ച നടത്തിയേക്കില്ല

ചെന്നൈ : ശനിയാഴ്‍ച ചെന്നൈയില്‍ എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്‍ച നടത്തിയേക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച്ച അമിത് ഷാ ചെന്നൈയിൽ എത്തുന്നത്. എന്നാൽ അമിത് ഷായുടെ ചെന്നൈ സന്ദർശന പട്ടികയിൽ രജനീകാന്തുമായി കൂടിക്കാഴ്ച ലിസ്റ്റ് ചെയ്തിട്ടില്ല. ഔദ്യോഗിക പട്ടികയിൽ സർക്കാർ പരിപാടിയും ഹോട്ടൽ ലീലാപാലസിൽ നടക്കുന്ന ബിജെപി കോർകമ്മിറ്റി മീറ്റിങ്ങും മാത്രമാണുള്ളത്.

രജനികാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടാൻ ചെന്നൈയിൽ അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകളാണ് നേരത്തെ പുറത്തുവന്നിരുന്നത്. ദ്രാവിഡ മണ്ണിൽ ഇടംപിടിക്കാൻ ബിജെപി വെട്രിവേൽ യാത്ര വരെ സംഘടിപ്പിച്ചിരുന്നു. കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് വരുന്നത്.

Top