അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് തടയാനാകുമോ ? വെല്ലുവിളിച്ച് അമിത് ഷാ

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് തടയാനാകുമോയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തില്‍ എസ്പി നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അമിത് ഷാ നടത്തിയത്.

അഖിലേഷ് യാദവ് സര്‍ക്കാര്‍ ‘മാഫിയ രാജും’, ‘ഗുണ്ടാരാജും’ പ്രോത്സാഹിപ്പിക്കുകയായിരുന്നെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ക്രമസമാധാന പാലനത്തില്‍ വീഴ്ച വരുത്തിയ അഖിലേഷില്‍ നിന്നും യുപി തിരിച്ചു പിടിച്ചത് യോഗി ആദിത്യനാഥാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രാമക്ഷേത്രം സന്ദര്‍ശിച്ച അമിത് ഷാ അയോധ്യയിലും സന്ത് കബീര്‍ നഗറിലും പൊതുറാലികളെ അഭിസംബോധന ചെയ്തിരുന്നു.

2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 312 സീറ്റുകളിലും സമാജ് വാദി പാര്‍ട്ടി 47 സീറ്റിലും ബിഎസ്പി 19 സീറ്റുകളിലും വിജയിച്ചിരുന്നു. ഏഴ് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.

Top