പിണറായി വിജയന് മുന്നറിയിപ്പ് നല്‍കി അമിത് ഷായുടെ ശരണം വിളികള്‍. .

കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാന സര്‍ക്കാരിനെ പുറത്താക്കുമെന്ന സന്ദേശം നല്‍കി തന്നെയാണ് അദ്ദേഹം കണ്ണൂരില്‍ പ്രസംഗിച്ചത്. പ്രവര്‍ത്തകരെ അവേശത്തിലാഴ്ത്തുക എന്നതിലുപരി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ മുന്നറിയിപ്പ് തന്നെയാണ് തന്റെ പ്രസംഗത്തിലൂടെ അമിത് ഷാ നല്‍കിയത്. ബിജെപി ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പോരിന് ഇറങ്ങുകയും, ശക്തമായ നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന പ്രഖ്യാപനത്തില്‍ പ്രക്ഷോഭത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കും എന്നതിനെക്കാള്‍ കേന്ദ്രത്തെ ഉപയോഗപ്പെടുത്തുമെന്ന സന്ദേശമാണ് നിഴലിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാന നിലയെക്കുറിച്ച് നേരത്തെ ഗവര്‍ണര്‍ ജസറ്റിസ് പി. സദാശിവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രസംഗത്തിലെ പരാമര്‍ശം.

ശരണം വിളികളോടെയാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയ്ക്ക് കേരളത്തില്‍ കിട്ടിയിരിക്കുന്ന പിടിവള്ളിയാണ് ശബരിമല പ്രതിഷേധത്തിന് ലഭിച്ച ജനപിന്തുണ. ഇതിനെ വേണ്ട വിധം പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യം.

ശബരിമലയില്‍ കോടതി വിധി നടപ്പാക്കും എന്നു ആവര്‍ത്തിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ഈ മാസം 30-ാം തീയതി മുതല്‍ ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അടിയന്തരാവസ്ഥയുടെ സാഹചര്യമാണ് ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. കലാപാന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടായാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ ശക്തമാക്കാന്‍ അത് ഉപകരിക്കും. ഈ നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്‌.

Top