ഭാരത് ബന്ദ്; കര്‍ഷകരെ അടിയന്തര ചര്‍ച്ചയ്ക്ക് വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം രൂക്ഷമാകുന്നതിനിടെ കര്‍ഷകരെ അടിയന്തര ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിക്കാണ് ചര്‍ച്ച. ബുധനാഴ്ച ആറാം തവണ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് അമിത് ഷാ യോഗം വിളിച്ചത്. ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷക നേതാവ് രാകേഷ് ടിക്കായതിനെയാണ് ഇന്ന് ഏഴു മണിക്ക് ചര്‍ച്ചയ്ക്ക് എത്തണമെന്ന് അമിത് ഷാ അറിയിച്ചത്. യോഗത്തില്‍ കര്‍ഷക നേതാക്കന്‍മാര്‍ പങ്കെടുത്തേക്കും.

മൂന്നു നിയമങ്ങളും പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞൊന്നും അംഗീകരിക്കാന്‍ തയാറാകില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍. അതേസമയം എട്ട് സംഘടനാ നേതാക്കളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍ക്കിടയിലും അമര്‍ഷമുണ്ട്. കര്‍ഷകസമര നേതാക്കളെ ഭിന്നിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞു. നിയമത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു അഹങ്കാരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Top