അമിത് ഷായുടെ സന്ദര്‍ശന പ്രസംഗത്തില്‍ വെട്ടിലായി സംസ്ഥാന ബിജെപി നേതൃത്വം

കണ്ണൂര്‍: അമിത് ഷായുടെ വരവ് സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരെ അവേശത്തിലാഴ്ത്തിയെങ്കിലും ചില നിര്‍ദ്ദേശങ്ങങ്ങള്‍ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ബി.ഡി.ജെ.എസിനെയും എന്‍.എസ്.എസി
നെയും അണിനിരത്തി വേണം രണ്ടാംഘട്ട സമര രീതി ആവിഷ്‌കരിക്കുകയെന്ന ദേശീയ അധ്യക്ഷന്റെ നിര്‍ദ്ദേശം നേതൃത്വം കരുതലോടെയാണ് ഏറ്റെടുക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന ഘടകം നടത്തുന്ന സമരത്തിന് ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ കേന്ദ്ര നേതൃത്വത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും എന്‍.എസ്.എസുമായും ബിഡിജെഎസുമായി ചേര്‍ന്ന് സമരം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് പിന്നാലെ ശബരിമലയില്‍ അടക്കം സമരങ്ങളുടെ ഏകോപനം ബിജെപി നേതൃത്വം മാത്രമായി എറ്റെടുക്കുകയായിരുന്നു.

എന്‍എസ്എസ് നേതൃത്വവുമായി ആശയവിനിമയം നടത്തുന്നതിനോ സമരത്തില്‍ പങ്കാളിയാക്കുന്നതിനോ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദേശീയ അദ്ധ്യക്ഷന്റെ വാക്കുകള്‍ ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപി പ്രഖ്യാപിച്ച തുടര്‍പ്രക്ഷോഭങ്ങളില്‍ ഇനി ബിഡിജെഎസിനെക്കൂടി ഉള്‍പ്പെടുത്തണം.

ബിഡിജെഎസിനെ കൂടെക്കൂട്ടി സമര പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന ഷായുടെ നിര്‍ദ്ദേശം നിലവില്‍ ബിജെപി നേതാക്കളെ കൂടി അമ്പരപ്പിച്ചു കഴിഞ്ഞു. പിണറായിയുടെ ഭരണത്തെ വലിച്ച് താഴെയിടണമെന്ന പ്രസ്താവനയും ബിജെപി നേതൃത്വത്തെ കുഴയ്ക്കുകയാണ്. കൂടുതല്‍ കരുത്തുറ്റ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായിരിക്കുകയാണ്. ഷായുടെ പ്രസംഗത്തിന്റെ ചൂട് അതേപടി നിലനിര്‍ത്തികൊണ്ടുള്ള സമരപരിപാടികള്‍ ഏതെല്ലാം തരത്തിലായിരിക്കണമെന്നതാണ് ബിജെപി നേതൃത്വത്തിന് തലവേദനയുണ്ടാക്കുന്നത്.

റിപ്പോര്‍ട്ടര്‍: കെ.ബി ശ്യാമപ്രസാദ്‌

Top