ലക്ഷ്യം അതു തന്നെ, ഇടത് സര്‍ക്കാറിനെ പിരിച്ചുവിടുക… മുള്‍മുനയില്‍ കേരളം

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല മകരവിളക്ക് സീസണ്‍ വരാനിരിക്കെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ രാഷ്ട്രീയ കേരളം.

പിണറായി സര്‍ക്കാറിനെ വലിച്ച് താഴെ ഇടുമെന്ന ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനം സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ വലിയ ആവേശത്തിന് തന്നെ കാരണമായിട്ടുണ്ട്. സി.പി.എം ആകട്ടെ ഏറെ ആശങ്കയോടെയാണ് ഈ പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്.

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് സംഘ പരിവാര്‍ നേരത്തെ ദേശീയ തലത്തില്‍ നടത്തിയ പ്രചരണവും പ്രക്ഷോഭവും പോലെ നിസാരമായി ശബരിമല വിഷയത്തെ സി.പി.എം കണ്ടാല്‍ കണക്ക് കൂട്ടലുകള്‍ തെറ്റുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ശബരിമലയില്‍ യുവതികള്‍ കയറേണ്ടതില്ല എന്ന വാദത്തിനു തന്നെയാണ് വിശ്വാസികള്‍ക്കിടയില്‍ പിന്തുണ കൂടുതല്‍ എന്നിരിക്കെ കേന്ദ്രം ‘കടും കൈ’ പ്രയോഗിച്ചാല്‍ ഇടതുപക്ഷത്തിന് തിരിച്ചു വരിക പ്രയാസമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

ബി.ജെ.പിക്ക് സീറ്റുകളും വോട്ട് ബാങ്കും വര്‍ദ്ധിപ്പിച്ച് നിര്‍ണ്ണായക ശക്തിയാവാനും യു.ഡി.എഫിന് ഭരണം പിടിക്കാനും ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യത വളരെ കൂടുതലാണെന്നാണ് കണക്കുകള്‍ നിരത്തി അവര്‍ സമര്‍ത്ഥിക്കുന്നത്.

സോളാര്‍ കേസില്‍ മുതിര്‍ന്ന നേതാക്കള്‍ എല്ലാം പ്രതി ചേര്‍ക്കപ്പെട്ടതിന്റെ കലിപ്പില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സ് തിരിച്ച് ഭരണത്തില്‍ വന്നാല്‍ സി.പി.എമ്മിനോട് കണക്ക് തീര്‍ക്കുമെന്നതിനാല്‍ സംഘപരിവാര്‍ നേതൃത്വവും ‘ചില’ കണക്കു കൂട്ടലിലാണ്.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ ‘ഭൗതിക’ സാഹചര്യം ശബരിമലയിലെ സര്‍ക്കാര്‍ ‘നടപടി’ ഉണ്ടാക്കിത്തരുമെന്ന പ്രതീക്ഷയിലാണ് പരിവാര്‍ നേത്യത്വം.

ഇപ്പോള്‍ നടക്കുന്ന അറസ്റ്റില്‍ ഭയപ്പെടാതെ ഭക്തരായി തന്നെ സംഘടിച്ച് മണ്ഡലകാലത്ത് ശബരിമലയില്‍ എത്താന്‍ അണികള്‍ക്ക് ആര്‍.എസ്.എസ്ബി.ജെ.പിവി.എച്ച്.പി നേതൃത്വങ്ങള്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

WhatsApp Image 2018-10-27 at 5.41.37 PM (1)

ബി.ജെ.പിആര്‍.എസ്.എസ് ദേശീയ നേതൃത്വങ്ങള്‍ പ്രശ്‌നം ഏറ്റെടുത്തതോടെ പൊലീസിന്റെ കണക്കു കൂട്ടലിനും അപ്പുറം പ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുമെന്നാണ് സൂചന.

അതേസമയം, കര്‍ണ്ണാടക, തമിഴ് നാട് ,ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നും സുരക്ഷക്കായി കൂടുതല്‍ പൊലീസിനെ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനും ചില ‘പാര’കള്‍ എതിര്‍ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉയര്‍ന്നിട്ടുണ്ട്.

കര്‍ണ്ണാടകയില്‍ ആഭ്യന്തര വകുപ്പ് കയ്യാളുന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ പ്രമുഖര്‍ ശബരിമലയിലേക്ക് പൊലീസിനെ വിട്ടു കൊടുക്കുന്നതിന് എതിരാണ്.

കേന്ദ്ര സര്‍ക്കാറിന്റെ ദയ കൊണ്ടു മാത്രം ഇപ്പാഴും അധികാരത്തില്‍ തുടരുന്ന തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെ സര്‍ക്കാരും ബി.ജെ.പി താല്‍പ്പര്യത്തിന് എതിരായി നിലപാട് സ്വീകരിക്കുമോ എന്നതും കണ്ടറിയണം.

തെലങ്കാന തിരഞ്ഞെടുപ്പ് ചൂടില്‍ ആയതിനാല്‍ അവിടെ നിന്നും ഫോഴ്‌സിനെ വിട്ടു നല്‍കുക ബുദ്ധിമുട്ടായേക്കും.

ഇടതുപക്ഷത്തിന്റെ അടുത്ത സുഹൃത്തായ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കനിഞ്ഞാല്‍ കുറച്ചു പൊലീസുകാരെ വിട്ടു നല്‍കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും ശബരിമല വിഷയത്തെ ആചാരങ്ങള്‍ക്കെതിരായ കടന്നാക്രമണമായി ബി.ജെ.പി ചിത്രീകരിക്കുന്നത് ചന്ദ്രബാബു നായിഡുവിനെയും പ്രതിരോധത്തിലാക്കാനാണ് സാധ്യത. പ്രത്യേകിച്ച് ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍.

കേന്ദ്ര സര്‍ക്കാറിനോട് സേനയെ വിട്ടു നല്‍കാന്‍ ആവശ്യപ്പെടുമെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേന്ദ്രസേന എത്തിയാല്‍ എങ്ങനെ ‘പെരുമാറുമെന്നതും’ കണ്ടറിയേണ്ട കാര്യമാണ്.

സംസ്ഥാനത്തിന്റെ ആവശ്യം നിഷേധിക്കാനും അംഗീകരിക്കാനും കേന്ദ്രത്തിന് അവകാശമുണ്ട്.

കേന്ദ്ര സേന എത്തിക്കഴിഞ്ഞാല്‍ സംസ്ഥാനത്തെ പൊലീസ് ഉന്നതര്‍ നിര്‍ദേശിക്കുന്ന രൂപത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കേണ്ടത് എന്നാണ് നിയമം.

എന്നാല്‍ കേന്ദ്രസേനയുമായി എത്തുന്ന കമാന്‍ണ്ടര്‍മാര്‍ ഈ നിര്‍ദ്ദേശത്തിന് അപ്പുറം മറ്റു നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ ‘പണി’ പാളും.

ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചു വേണം സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് സേനയെ വിന്യസിക്കാനെന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.

ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അറസ്റ്റില്‍ പ്രതിഷേധക്കാരില്‍ വലിയ വിഭാഗം പേടിച്ച് ആക്രമണത്തിന് മുതിരില്ല എന്നാണ് അധികൃതരുടെ പ്രതീക്ഷ.എന്നാല്‍ ഈ പ്രതീക്ഷയെ തകര്‍ക്കുന്നതായിരുന്നു അമിത് ഷായുടെ കണ്ണൂരിലെ പ്രതികരണം.

WhatsApp Image 2018-10-27 at 5.41.37 PM

സര്‍ക്കാറിനെ താഴെ വലിച്ചിടാന്‍ മടിക്കില്ലെന്ന പ്രതികരണം പിണറായി സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നതിന്റെ സൂചനയായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും, സ്ത്രീപുരുഷ സമത്വം ക്ഷേത്ര ആചാരങ്ങള്‍ ലംഘിച്ച് കൊണ്ടല്ല സാധ്യമാക്കേണ്ടതെന്നും അമിത് ഷാ കണ്ണൂരില്‍ ആഞ്ഞടിച്ചു. ഒരു മൗലികാവകാശം ഉറപ്പാക്കാന്‍ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിയും? ഈ വിധി അംഗീകരിക്കാന്‍ കഴിയില്ല. കോടതികള്‍ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ അയ്യപ്പ ഭക്തര്‍ക്കൊപ്പം നില്‍ക്കും. കേരളത്തില്‍ അടിയന്തരാവസ്ഥയെക്കാള്‍ മോശമായ അവസ്ഥയാണ് ഇന്നുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുകയാണ്. ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും അമിത് ഷാ തുറന്നടിച്ചു. സുപ്രീം കോടതി വിധിയ്‌ക്കെതിരെ ബിജെപി ഈ മാസം 30 മുതല്‍ ശക്തമായ സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ശരണം വിളികളോടെയാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചത്.

പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍

Top