പ്രതിപക്ഷ ഐക്യം അഴിമതി സഖ്യം; അധികാരത്തില്‍ തിരിച്ചുവരുമെന്ന് അമിത് ഷാ

amitsha

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. നുഴഞ്ഞ് കയറ്റക്കാരെയും പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച മാവോയിസ്റ്റുകളെയും മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംരക്ഷിക്കുന്നത് അപലപനീയമാണെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹി രാംലീലാ മൈതാനിയില്‍ ബിജെപി പൂര്‍വ്വാഞ്ചല്‍ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇദ്ദേഹത്തിന്റെ തുറന്നടിക്കല്‍.

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തെ അമിത് ഷാ അഴിമതിക്കാരുടെ സഖ്യമെന്നാണ് വിശേഷിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ച് നിന്നാലും അതിനെ പരാജയപെടുത്തി വീണ്ടും നരേന്ദ്രമോദി തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ദേശീയ പൗരത്വ രജിസ്‌ട്രേഷനെ എതിര്‍ത്ത പ്രതിപക്ഷ നിലപാടിനെയും അദ്ദേഹം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. നുഴഞ്ഞ് കയറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. അര്‍ബന്‍ മാവോയിസ്റ്റ് വിഷയത്തിലും അമിത് ഷാ പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിക്കുന്നവരെ മനുഷ്യാവകാശത്തിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംരക്ഷിക്കുകയാണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ആരോപിച്ചു. വികസനത്തിനാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും വികസന തുടര്‍ച്ചയ്ക്ക് എന്‍ഡിഎ അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാകിസ്ഥാനും ഇപ്പോള്‍ മോദിയെ പുറത്താക്കുക എന്ന മന്ത്രമാണ് ഉച്ചരിക്കുന്നതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. പാകിസ്ഥാനും കോണ്‍ഗ്രസുമായി മഹാസഖ്യം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് താന്‍ അത്ഭുതപ്പെടുന്നു എന്നും ട്വീറ്റില്‍ പറയുന്നു.

Top