കമൽനാഥ് ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നീക്കം

ധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥും മകൻ നകുൽ നാഥും ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ കൂടുതൽ കൊഴിഞ്ഞുപോക്ക് തടയാൻ കോൺഗ്രസിന്റെ തിരക്കിട്ട നീക്കങ്ങൾ. പി.സി.സി അധ്യക്ഷൻ ജിത്തു പട്‌വാരി എം.എൽ.എമാരുമായി ഫോണിൽ സംസാരിച്ചു.

കമൽനാഥ് പാർട്ടിവിടുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം പട്‌വാരി തള്ളിയിരുന്നു. കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന് താൻ സ്വപ്‌നത്തിൽ പോലും വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 1980ൽ കമൽനാഥ് ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയപ്പോൾ തന്റെ മൂന്നാമത്തെ മകൻ എന്നാണ് ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചതെന്നും പട്‌വാരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ എം.എൽ.എമാർ കമൽനാഥിനൊപ്പം പാർട്ടി വിടുന്നത് തടയാൻ അദ്ദേഹം നീക്കം തുടങ്ങിയത്.

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജ്യസഭാ സീറ്റിനായി കമൽനാഥ് ആവശ്യമുന്നയിച്ചിരുന്നു. ഇത് കോൺഗ്രസ് കേന്ദ്ര നേതൃത്വം തള്ളിയതോടെയാണ് അദ്ദേഹം ബി.ജെ.പിയിൽ ചേരാനുള്ള നീക്കങ്ങൾ തുടങ്ങിയത്. കമൽനാഥും മകനും കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു. കമൽനാഥിന്റെ മകനും കോൺഗ്രസ് എം.പിയുമായ നകുൽനാഥ് ട്വിറ്റർ ബയോയിൽ കോൺഗ്രസ് എന്നത് ഒഴിവാക്കുകയും ചെയ്തിരുന്നു.

Top