‘മോദി ഹഠാവോ, ദേശ് ബച്ചാവോ’; പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി

ദില്ലി: ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി പാർട്ടി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ വിഷയമാക്കാനാണ് തീരുമാനം. ദില്ലിയിൽ ഇന്ന് തുടക്കം കുറിക്കുന്ന പരിപാടിയിൽ അരവിന്ദ് കെജ്‍രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഭയക്കുന്നത് എന്നാണ് കെജ്‍രിവാൾ ചോദിച്ചത്.

എന്നാൽ, രാജ്യതലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിൻറെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു കൂടേയെന്നാണ് ആം ആദ്മിയോട് ബിജെപി ചോദിക്കുന്നത്. ”മോദി ഹഠാവോ, ദേശ് ബച്ചാവോ അഥവാ മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന പോസ്റ്റർ ദില്ലിയിൽ വ്യാപകമായി പ്രത്യക്ഷപ്പട്ടിരുന്നു. മുദ്രാവാക്യം ഉയർത്തുന്നത് ആരെന്നോ, അച്ചടിച്ചത് എവിടെയെന്നോ പോസ്റ്ററിൽ വ്യക്തമാക്കിയിരുന്നില്ല. ഇതോടെ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് ഇന്നലെ കേസ് എടുത്തിരുന്നത്. ആറ് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്ററുമായി ആംആദ്മി ആസ്ഥാനത്ത് കണ്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദീനദയാൽ ഉപാധ്യായ റോഡിലെ ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് നിന്ന് രണ്ടായിരം പോസ്റ്ററുകളുമായാണ് ഒരു വാൻ പിടിച്ചെടുത്തത്. വാഹന ഉടമ പോസ്റ്റർ ആം ആംദ്മി പാർട്ടി ഓഫീസിൽ ഏൽപിക്കാൻ പറഞ്ഞുവെന്നാണ് അറസ്റ്റിലായ ഡ്രൈവറുടെ മൊഴി.

 

Top