ലോക്ക്ഡൗണിനിടെ ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ പാലം നവീകരിച്ച് ഇന്ത്യ

ഗുവഹാത്തി: ലോക്ക്ഡൗണിനിടെ ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ പാലം ഇന്ത്യ നവീകരിച്ചു.സൈന്യത്തിന്റെ സുഗമമായ നീക്കത്തിനും വിദൂരഗ്രാമങ്ങളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും ഉപയോഗിക്കുന്ന പാലമാണിത്.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാന്‍സിരി ജില്ലയിലെ ദപോരിജോയില്‍ സുബാന്‍സിരി നദിക്ക് കുറുകെ നിര്‍മിച്ച പാലത്തിന് വീരമൃത്യു വരിച്ച സൈനികന്‍ ഹംഗ്പാം ദാദയുടെ പേരാണ് നല്‍കിയിരിക്കുന്നത്. നവീകരിച്ച പാലം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.

അതിര്‍ത്തിയിലേക്കുള്ള സൈന്യത്തിന്റെ നീക്കവും ഈ ഭാഗത്തെ 451 ഗ്രാമങ്ങളുമായുള്ള സമ്പര്‍ക്കവും ഇതോടെ സുഗമമാകുമെന്ന് പാലം ഉദ്ഘാടനം ചെയ്ത് കൊണ്ട് പേമ ഖണ്ഡു പറഞ്ഞു.

ദേശീയ ലോക്ക്ഡൗണ്‍ കാരണം വിവിധ പ്രശ്‌നങ്ങള്‍ നേരിട്ടാണെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച ബിആര്‍ഒയെ ഖണ്ഡു പ്രശംസിക്കുകയും ചെയ്തു.

ഇന്ത്യ-ചൈനാ അതിര്‍ത്തിയിലെ നിയന്ത്രണരേഖയിലേക്കുള്ള തന്ത്രപ്രധാന മാര്‍ഗമാണ് ഈ പാലം. റേഷന്‍, നിര്‍മാണവസ്തുക്കള്‍, മരുന്ന് എന്നിവ ഇതു വഴിയാണ് കൊണ്ടു പോകുന്നത്.

വര്‍ഷങ്ങളായി തകര്‍ച്ചയുടെ വക്കിലായിരുന്ന പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. സുബാന്‍സിരി നദിയുടെ മറുവശത്ത് സ്ഥിതിചെയ്യുന്ന ഡാപോറിജോയിലേക്കും മറ്റ് ഗ്രാമങ്ങളിലേക്കുമുള്ള ഏക സഞ്ചാര മാര്‍ഗം ഈ പാലമാണ്. സിയാങ് മേഖലയെ അപ്പര്‍ സുബന്‍സിരിയുമായി ബന്ധിപ്പിക്കുന്നതും ഈ പാലം തന്നെയാണ്.

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് പാലത്തിന്റെ നിര്‍മാണചുമതല നിര്‍വഹിച്ചത്. മാര്‍ച്ച് 17 നാണ് ബിആര്‍ഒ സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ നിന്ന് പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തതിരുന്നത്.

1992 ല്‍ പാലം തകര്‍ന്ന് അതിലൂടെ സഞ്ചരിച്ച ബസ് നദിയില്‍ വീണ അപകടത്തില്‍ പെട്ട് എല്ലാ യാത്രക്കാരും മരിച്ചിരുന്നു.

Top