ഗോരഖ്പുരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; ആശങ്ക !

ലഖ്‌നൗ: ഗോരഖ്പുരിലെ ബെല്‍ഘട്ട് പ്രദേശത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്. കോവിഡ്, നിപ പോലുള്ള രോഗവ്യാപനത്തിന്റെ ഉറവിടമായി വവ്വാലുകള്‍ ബന്ധപ്പെട്ടു കിടക്കുന്നതാണ് പ്രദേശവാസികളെ ആശങ്കാകുലരാക്കാന്‍ കാരണം.

എന്നാല്‍ വവ്വാലുകള്‍ അമിത ചൂട് മൂലം ചത്തുപോയതാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. വവ്വാലുകളുടെ ജഡം ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

വിവരം ലഭിച്ചശേഷം ഖജ്‌നി ഫോറസ്റ്റ് റേഞ്ചര്‍ ദേവേന്ദ്ര കുമാര്‍ സ്ഥലത്തെത്തി. കനത്ത ചൂടില്‍ പ്രദേശത്തെ കുളങ്ങളും തടാകങ്ങളും വറ്റിപ്പോയതിനാലാവാം ഇവ ചത്തതെന്നും വവ്വാലുകളെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ തീവ്ര ഉഷ്ണ തരംഗമാണ്. ചിലയിടങ്ങളിലെ താപനില45 ഡിഗ്രി സെല്ഷ്യസ് വരെയാണ്.

Top