കോവിഡ് പ്രതിസന്ധി; പ്രതിരോധ ഇടപാടുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പ്രതിരോധ സേനകള്‍ക്ക് വേണ്ടി ആയുധങ്ങള്‍ വാങ്ങുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച് കേന്ദ്രം. രാജ്യത്ത് കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ നടപടി. ഇത് സംബന്ധിച്ച കത്ത് പ്രതിരോധ മന്ത്രാലയം മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും അയച്ചിട്ടുണ്ട്.

രാജ്യമിപ്പോള്‍ വ്യത്യസ്തമായ സാഹചര്യത്തില്‍ കൂടിയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ എല്ലാത്തരത്തിലുമുള്ള ആയുധം വാങ്ങല്‍ നടപടികളും നിര്‍ത്തിവെക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യോമസേനയ്ക്ക് വേണ്ടി 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍, റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ സംവിധാനം, കരസേനയ്ക്ക് ടാങ്കുകള്‍, ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിള്‍ തുടങ്ങിവയാണ് ഉടനെ വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. നാവിക സേനയ്ക്കായി 24 ഹെലികോപ്റ്ററുകളും വാങ്ങുന്നുണ്ട്. ഇതിനായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

എന്നാല്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും മറ്റുമുള്ള നടപടികള്‍ക്കായി വന്‍തോതിലുള്ള ചെലവുകളാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ മന്ത്രാലയങ്ങളും തങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള പദ്ധതി വിഹിതങ്ങളില്‍ നിന്ന് കോവിഡ് പോരാട്ടത്തിനായി തുക നീക്കിവെക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൈന്യത്തിന് ആയുധം വാങ്ങുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവെക്കുന്നത്.

Top