Amid China’s stand on Masood Azhar ban, US says ‘Veto will not prevent us from acting’

യുണൈറ്റഡ് നാഷന്‍:പാക് ഭീകരനെതിരെ കടുത്ത നിലപാടുമായി അമേരിക്ക. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കാന്‍ ഐക്യരാഷ്ട്രസഭയിലെ വീറ്റോ തങ്ങള്‍ക്ക് തടസമാവില്ലെന്ന് ചൈനയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

ഇതുസംബന്ധമായ എല്ലാ കാര്യങ്ങളും പരിശോധിച്ച് വരികയാണെന്നും വീറ്റോ കാണിച്ച് തങ്ങളെ പേടിപ്പിക്കേണ്ടെന്നും ഐക്യരാഷ്ട്ര സഭയിലെ യു.എസ് പ്രതിനിധി നിക്കി ഹാലി തുറന്നടിച്ചു.

കൊടും ഭീകരനായ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നുള്ള പ്രമേയം അമേരിക്കയായിരുന്നു ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ചത്. പക്ഷെ ഇതിനെ എതിര്‍ത്ത് കൊണ്ടുള്ള നിലപാടായിരുന്നു ചൈനയുടേത്. തുടര്‍ന്നാണ് ഇതുസംബന്ധിച്ച നിലപാട് നിക്കി ഹാലി വ്യക്തമാക്കിയത്. ഏപ്രില്‍ ആദ്യവാരമാണ് ഹാലി യു.എന്നിലെ യു.എസിന്റെ സ്ഥിരം പ്രതിനിധിയായി അധികാരമേറ്റത്.

ഭീകരരെ തുടച്ചു നീക്കാനുള്ള നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുക തന്നെ ചെയ്യും. അതിന് വീറ്റോ തടസമായാല്‍ മറ്റ് ‘മാര്‍ഗങ്ങള്‍’ തേടുമെന്നും ഹാലി പറഞ്ഞു.

ട്രംപ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയുമായി ചേര്‍ന്ന് ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്നതിന്റെ സൂചന കൂടിയാണ് അമേരിക്കയുടെ ഇപ്പോഴത്തെ നിലപാട്.

മസൂദിനെ ഇന്ത്യക്ക് കൈമാറണമെന്നു ശക്തമായി ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടപ്പോഴും പാകിസ്താന്റെ കൂടെ നിന്ന് ചൈനയാണ് മസൂദിനെ സംരക്ഷിച്ചിരുന്നത്.

Top