അമേഠിയിൽ രാഹുൽ ഗാന്ധിക്ക് തോല്‍വി, ഇനി വയനാട് എം.പി

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനിയോട് 35899 വോട്ടുകള്‍ക്കായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാജയം. 2014-ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് ഇത്തവണത്തെ വിജയം ഒരു മധുരപ്രതികാരമായി.

വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങളില്‍ രാഹുല്‍ ഗാന്ധി മുന്നിട്ട് നിന്നെങ്കിലും പിന്നീട് സ്മൃതി ഇറാനി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ഇരു സ്ഥാനാര്‍ഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി.

അതേസമയം, വയനാട് ലോക്സഭ മണ്ഡലത്തില്‍ കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷവുമായാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. നാലുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് ലോക്സഭയിലെത്തുന്നത്.

Top